Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൈലറ്റുമാരെ ലക്ഷ്യമിട്ട് റഷ്യന്‍ ചാരക്കപ്പല്‍ ലേസര്‍ പ്രയോഗിച്ചു; സൈനിക നടപടിക്ക് മുന്നറിയിപ്പുമായി യു.കെ.
reporter

ലണ്ടന്‍: ബ്രിട്ടീഷ് വ്യോമസേനാ പൈലറ്റുമാരെ ലക്ഷ്യമിട്ട് റഷ്യയുടെ ചാരക്കപ്പലായ യാന്തര്‍ ലേസര്‍ രശ്മി പ്രയോഗിച്ചതായി യു.കെ ആരോപിച്ചു. സ്‌കോട്ട്ലന്‍ഡിന്റെ വടക്കുഭാഗത്ത് ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ചാണ് സംഭവം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബ്രിട്ടന്റെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് യാന്തര്‍ കപ്പല്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്തിരുന്നു. കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന റോയല്‍ എയര്‍ഫോഴ്സ് പൈലറ്റുമാരെ ലക്ഷ്യമിട്ടാണ് ലേസര്‍ ആക്രമണമെന്നാണ് യു.കെയുടെ വിലയിരുത്തല്‍.

'നിങ്ങളെ ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം,' - റഷ്യയെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ബ്രിട്ടീഷ് സൈനിക വിമാനങ്ങളിലെ പൈലറ്റുമാരെ തടസ്സപ്പെടുത്തുകയോ അപകടത്തിലാക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയും അതീവ ഗുരുതരമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലിന്റെ യാത്രാദിശ മാറ്റിയില്ലെങ്കില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നും ഹീലി മുന്നറിയിപ്പു നല്‍കി.

റഷ്യന്‍ കപ്പലിനെ നിരീക്ഷിക്കാന്‍ യുകെ യുദ്ധക്കപ്പലുകളും സമുദ്രനിരീക്ഷണ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. കടലിനടിയിലെ കേബിളുകള്‍ മാപ്പ് ചെയ്യാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കാനുമാണ് യാന്തര്‍ ശ്രമിക്കുന്നതെന്ന് യു.കെ ആരോപിക്കുന്നു. സമാധാനകാലത്ത് ശേഖരിച്ച വിവരങ്ങള്‍ സംഘര്‍ഷസമയത്ത് ഉപയോഗിച്ച് അട്ടിമറി നടത്താനാണ് റഷ്യയുടെ ലക്ഷ്യമെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അതേസമയം, ബ്രിട്ടന്റെ ആരോപണങ്ങള്‍ റഷ്യന്‍ എംബസി തള്ളിക്കളഞ്ഞു. റഷ്യന്‍ വിരുദ്ധ മനോഭാവം വെച്ച് ലണ്ടന്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും യൂറോപ്പിന്റെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്നും റഷ്യ ആരോപിച്ചു. റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ യു.കെ.യുടെ താല്‍പ്പര്യങ്ങളെ ഹനിക്കാനോ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ ലക്ഷ്യമിട്ടുള്ളതല്ലെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window