ലണ്ടന്‍: ന്യൂയോര്‍ക് മേയര്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ നേരിട്ട മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ കൈകാര്യം ചെയ്തതില്‍ സൊഹ്റാന്‍ മംദാനിയെ പ്രശംസിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ടൈംസ് ലേഖനത്തിലൂടെയാണ് ഖാന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബ്രോങ്ക്‌സിലെ ഒരു പള്ളിക്ക് മുന്നില്‍ മംദാനി നടത്തിയ പ്രസംഗം ഉദാഹരിച്ചാണ് ഖാന്‍ ലേഖനം ആരംഭിച്ചത്. ''മറ്റൊരു 9/11 സംഭവിച്ചാല്‍ മംദാനി ആഹ്ലാദിക്കും'' എന്നൊരു റേഡിയോ അവതാരകന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രസംഗം നടന്നത്. മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കിടയിലും തന്റെ വിശ്വാസത്തില്‍ അഭിമാനിക്കുന്നുവെന്നും, മുസ്ലിംകള്‍ക്കെതിരായ ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും മംദാനി തുറന്നടിച്ചതായി ഖാന്‍ പറഞ്ഞു.
താന്‍ ഒരു 'മുസ്ലിം രാഷ്ട്രീയക്കാരനല്ല', മറിച്ച് 'മുസ്ലിമായ ഒരു രാഷ്ട്രീയക്കാരന്‍' മാത്രമാണെന്നും ഖാന്‍ ഓര്‍മിപ്പിച്ചു. തന്റെ തെരഞ്ഞെടുപ്പ് വിജയം മതവിശ്വാസം കൊണ്ടല്ല, നഗര പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികള്‍ തന്റെ മതത്തെ മാത്രം ചര്‍ച്ച ചെയ്തുവെന്നും, യുഎന്‍ പൊതുസമ്മേളനത്തില്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് ലണ്ടനില്‍ ഷരീഅത്ത് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചതായും ഖാന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വിഷലിപ്തമായ രാഷ്ട്രീയത്തിന് ലണ്ടനിലും ന്യൂയോര്‍ക്ക് സിറ്റിയിലും ഇടമില്ലെന്നും, ജനങ്ങളുടെ ആശങ്കകള്‍ അഭിസംബോധന ചെയ്തതുകൊണ്ടാണ് തങ്ങള്‍ വിജയിച്ചതെന്നും ഖാന്‍ പറഞ്ഞു. ''നഗരവാസികള്‍ക്ക് നിങ്ങളുടെ കുടുംബം എവിടെനിന്ന് വന്നുവെന്നോ ഏത് ദൈവത്തെ ആരാധിക്കുന്നുവെന്നോ പ്രധാനമല്ല. അവര്‍ക്കാവശ്യം പരിസ്ഥിതി സൗഹൃദ നഗരവും, നീതിയുക്തമായ സമൂഹവും, ജീവിതച്ചെലവിന്റെ പ്രതിസന്ധിക്ക് പരിഹാരവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയുമാണ്,'' ഖാന്‍ ലേഖനത്തില്‍ എഴുതി.
സൊഹ്റാന്‍ മംദാനിയുമായി എല്ലാ കാര്യത്തിലും യോജിക്കണമെന്നില്ലെങ്കിലും, രാഷ്ട്രീയത്തിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു. ''ആരായാലും, എവിടെനിന്ന് വന്നാലും, എന്തുവേണമെങ്കിലും നേടാമെന്ന സ്വപ്നം ഇപ്പോഴും ജീവനോടെയിരിക്കുന്ന നഗരങ്ങളാണ് ലണ്ടനും ന്യൂയോര്‍ക്കും. ആ സ്വപ്നത്തെ സംരക്ഷിക്കാനുള്ള നയങ്ങള്‍ കൊണ്ടുവരികയാണ് ഞങ്ങളുടെ ദൗത്യം,'' ഖാന്‍ ലേഖനം അവസാനിപ്പിച്ചു.