ലണ്ടന്‍: റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍ ലേബര്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രാഷ്ട്രീയ നീക്കത്തില്‍ എന്‍എച്ച്എസിലെ (NHS) കുടിയേറ്റ നഴ്സുമാര്‍ ബലിയാടായി മാറുമെന്ന ആശങ്ക ഉയരുകയാണ്.
റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) നടത്തിയ സര്‍വേയില്‍ വിദേശ NHS, സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ ആശങ്കകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ ഭാവിയില്‍ തങ്ങളെ ബാധിക്കുമെന്ന ഭയം മൂലം 50,000ത്തോളം നഴ്സുമാര്‍ യുകെ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍വേ പറയുന്നു.
നഴ്സിംഗ് വിദ്യാഭ്യാസം വിദേശത്ത് നേടിയ 200,000ലേറെ ജീവനക്കാരാണ് നിലവില്‍ NHS-ല്‍ ജോലി ചെയ്യുന്നത്. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ILR) ഉള്‍പ്പെടെയുള്ള നിയമപരമായ മാറ്റങ്ങളാണ് ആശങ്കയ്ക്ക് പ്രധാന കാരണം. നിലവില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം സെറ്റില്‍മെന്റ് സ്റ്റാറ്റസ് നേടാനാണ് നഴ്സുമാര്‍ അര്‍ഹരാകുന്നത്. 2021 മുതല്‍ 76,876 പേര്‍ക്ക് വിസ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈ കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്താനുള്ള നീക്കം, NHS ജീവനക്കാരുടെ ഭാവിയെ സംബന്ധിച്ച ആശങ്കയായി മാറിയിരിക്കുകയാണ്. ILR നയത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ യുകെയില്‍ സ്ഥിരതയോടെ തങ്ങാനുള്ള സാധ്യതയെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്. 46,000ത്തോളം പേര്‍ക്ക് യുകെ എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നതും സര്‍വേയില്‍ വ്യക്തമാക്കുന്നു.
നയപരമായ ഈ മാറ്റങ്ങള്‍ NHS-ലും സോഷ്യല്‍ കെയര്‍ മേഖലയിലും വിദേശ തൊഴിലാളികളുടെ പങ്ക് കുറയാന്‍ ഇടയാക്കുമെന്നതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.