പാരിസ്: ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെ ലോകപ്രശസ്തമായ 'റിവഞ്ച് ഡ്രസ്' ധരിച്ച നിലയിലുള്ള ജീവന്‍തുടിക്കുന്നപോലുള്ള മെഴുകുപ്രതിമ പാരിസിലെ ഗ്രെവിന്‍ മ്യൂസിയത്തില്‍ അനാവരണം ചെയ്തു. ലണ്ടനിലെ മദാം തുസോയുമായി താരതമ്യം ചെയ്യപ്പെടുന്ന ഈ മ്യൂസിയത്തില്‍ നേരത്തെ തന്നെ രാജാവ് ചാള്‍സ് മൂന്നാമന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ഫാഷന്‍ ലോകത്തെ പ്രമുഖരായ ഷോണ്‍ പോള്‍ ഗോട്ടിയേ, ഷാന്റല്‍ തോമസ്, ഫ്രഞ്ച് രാജ്ഞി മേരി ആന്റോനെറ്റ് എന്നിവരുടെ പ്രതിമകള്‍ക്കൊപ്പം, മ്യൂസിയത്തിലെ താഴികക്കുടത്തിന് കീഴിലാണ് ഡയാനയുടെ പ്രതിമയും സ്ഥാപിച്ചത്. നവംബര്‍ 20-നാണ് പ്രതിമ അനാവരണം ചെയ്തത്. കൃത്യം 30 വര്‍ഷം മുന്‍പ് ഇതേ ദിവസം ബിബിസി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഡയാന ''ഈ വിവാഹത്തില്‍ ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു, അതുകൊണ്ട് അല്പം തിരക്കായിരുന്നു'' എന്ന് പരാമര്‍ശിച്ചത്. പിന്നീട് ചാള്‍സ് വിവാഹം കഴിച്ച കാമില പാര്‍ക്കര്‍ ബൗള്‍സിനെ ലക്ഷ്യമിട്ടായിരുന്നു ഈ വാക്കുകള്‍.
1994-ല്‍ കെന്‍സിങ്ടന്‍ ഗാര്‍ഡനില്‍ നടന്ന വാനിറ്റി ഫെയര്‍ ഗാലയിലാണ് ഡയാന 'റിവഞ്ച് ഡ്രസ്' അണിഞ്ഞ് എത്തിയത്. ഓഫ്‌ഷോള്‍ഡര്‍ സില്‍ക് ഗൗണായിരുന്ന അത് അന്ന് ഇന്നത്തെ കാലത്ത് ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്നവയായിരുന്നു. പിന്നീട് 39,098 ബ്രിട്ടിഷ് പൗണ്ടുകള്‍ക്ക് ലേലത്തില്‍ വിറ്റു. ഡയാന അണിഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
1981-ല്‍ ചാള്‍സ് രാജകുമാരനുമായി ഡയാന വിവാഹിതയായി. ലോകമെമ്പാടും 75 കോടി ആളുകള്‍ ടെലിവിഷന്‍ വഴി വിവാഹം കണ്ടു. വില്യം, ഹാരി എന്നീ രണ്ട് മക്കളാണ് ദമ്പതികള്‍ക്കു പിറന്നത്.
ഒരു സ്‌റ്റൈല്‍ ഐക്കണ്‍ മാത്രമല്ല, ജനോപകാരപ്രദമായ അനവധി പ്രവര്‍ത്തനങ്ങളിലും ഡയാന പങ്കാളിയായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ''പീപ്പിള്‍സ് പ്രിന്‍സസ്'' എന്ന പേരില്‍ ജനങ്ങളുടെ രാജകുമാരിയായി അറിയപ്പെട്ടത്. 1997-ല്‍ 36-ാം വയസ്സില്‍ പാരിസില്‍ നടന്ന വാഹനാപകടത്തില്‍ ഡയാന അന്തരിച്ചു.