ലണ്ടന്‍: കോവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും പോകുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നെങ്കിലും, ഇപ്പോള്‍ പല രാജ്യങ്ങളിലും അതില്‍ കുറവ് രേഖപ്പെടുത്തുകയാണ്. യുകെയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബറില്‍ വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി വ്യക്തമാകുന്നു.
- ആരോഗ്യ മേഖലയില്‍ ഇടിവ്
യുകെയില്‍ ഏറ്റവും കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് ആരോഗ്യ പരിപാലനം. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയിലും ആവശ്യക്കാര്‍ കുറവാണ്. 2024 ഒക്ടോബറില്‍ 15,800 അപേക്ഷകള്‍ ലഭിച്ചിരുന്നപ്പോള്‍, 2025 ഒക്ടോബറില്‍ അത് 11,300 ആയി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
- സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍
2025 ഒക്ടോബറില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷകള്‍ 2,400 ആയി കുറഞ്ഞു. പുതിയ നിയമങ്ങള്‍ പ്രകാരം, ആര്‍ക്യുഎഫ് ലെവല്‍ 6 അല്ലെങ്കില്‍ അതില്‍ കൂടുതലായ ജോലികള്‍ക്കാണ് യോഗ്യത. കൂടാതെ, കുറഞ്ഞ ശമ്പള പരിധി 38,700 പൗണ്ടില്‍ നിന്നും 41,700 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ക്കുള്ള അപേക്ഷകര്‍ക്ക് യോഗ്യത നേടുന്നത് ബുദ്ധിമുട്ടായി.
- ആശ്രിതര്‍ക്കുള്ള നിയന്ത്രണം
വിദഗ്ധ തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള അപേക്ഷകളും കുറഞ്ഞു. 2025 ഒക്ടോബറില്‍ 3,000 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസകള്‍ക്കുള്ള അപേക്ഷകള്‍ 600 ആയി കുറഞ്ഞപ്പോള്‍, ആശ്രിതര്‍ക്കായി 3,000 അപേക്ഷകള്‍ ലഭിച്ചു. 2024 മാര്‍ച്ചില്‍ സാമൂഹിക പരിപാലന തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതി നിര്‍ത്തലാക്കിയതും ഇടിവിന് കാരണമായി.
- വിദ്യാര്‍ത്ഥി വിസകള്‍
യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന കേന്ദ്രമാണ്. 2025 ഒക്ടോബറില്‍ പഠന വിസ അപേക്ഷകള്‍ 4,34,000 ആയി, മുന്‍ വര്‍ഷത്തേക്കാള്‍ 7% വര്‍ധനവുണ്ടെങ്കിലും, 2023 ഒക്ടോബറിനെ അപേക്ഷിച്ച് 13% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി ആശ്രിതരില്‍ നിന്ന് 22,400 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. 2023 ഡിസംബറിനെ അപേക്ഷിച്ച് ഇത് 85% ഇടിവാണ്. 2024 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന നിയമ മാറ്റങ്ങളാണ് ഇതിന് പിന്നില്‍.
- കര്‍ശന പരിശോധനകള്‍
2024 മുതല്‍ യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ശക്തമാക്കി. തൊഴിലുടമകള്‍ക്ക് മേല്‍ കര്‍ശന പരിശോധനകള്‍ നടപ്പിലാക്കി, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളില്‍. പരിശോധനകളില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മൊത്തത്തില്‍ 80% ഇടിവ്
മുന്‍പ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരുന്ന ആരോഗ്യ, പരിചരണ മേഖലകളില്‍ ഇപ്പോള്‍ 80% വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ തൊഴിലാളികളും വിദ്യാര്‍ത്ഥികളും ആശ്രിതരും നേരിടുന്ന നിയന്ത്രണങ്ങള്‍ യുകെയിലെ അന്താരാഷ്ട്ര റിക്രൂട്ട്മെന്റിനെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്.