|
32 വര്‍ഷത്തിനുശേഷം മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും പൂജയും വെള്ളിയാഴ്ച നടക്കും.
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടര്‍ന്ന് വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറായും വിധേയനില്‍ വില്ലനായ ഭാസ്‌കര പട്ടേലര്‍ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്നും അടൂര്‍ ചിത്രങ്ങള്‍. മതിലുകള്‍ 1989 ലും വിധേയന്‍ 1993ലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. വിധേയന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സമ്മാനിച്ചു. |