Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
UK Special
  Add your Comment comment
കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് ആരോപണം; ഈസ്റ്റ് ബെല്‍ഫാസ്റ്റില്‍ ജനക്കൂട്ട പ്രതിഷേധം
reporter

ഈസ്റ്റ് ബെല്‍ഫാസ്റ്റ്: കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ വീട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയിലൂടെ പുറത്തായത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍പ് പൊലീസ് ഇടപെട്ട് ഈ വീട്ടില്‍ നിന്ന് മാറ്റിയ വ്യക്തി പിന്നീട് വീണ്ടും അതേ വീട്ടിലേക്ക് മടങ്ങിയെത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ വീടിന് മുന്നില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ആദ്യം ജനക്കൂട്ടത്തെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സേനയെ വിളിക്കേണ്ടിവന്നു. തുടര്‍ന്ന് ടാക്ടിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സഹായത്തോടെ ഇയാളെ വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു പൊലീസ് വാഹനത്തിലേക്ക് മാറ്റി. വീടിന് പുറത്തേക്ക് വരുമ്പോള്‍ മുഖം മറച്ച നിലയില്‍ വേഗത്തില്‍ നീങ്ങാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ജനക്കൂട്ടം കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ''ഇത്തരക്കാരെ ഈ പ്രദേശത്ത് താമസിക്കാന്‍ അനുവദിക്കില്ല'' എന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പ്രതിഷേധത്തിന് പിന്നിലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. പിന്നീട് ഇയാളെ പൊലീസ് സുരക്ഷിതമായി വാഹനത്തില്‍ കയറ്റി പ്രദേശത്ത് നിന്ന് മാറ്റി. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായാണ് ഇടപെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരാളെ പ്രദേശത്ത് നിന്ന് മാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 
Other News in this category

 
 




 
Close Window