Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
UK Special
  Add your Comment comment
ഇന്ത്യയില്‍ സാധാരണം, യുകെയില്‍ ആഡംബരം; വൈറലായി ഇന്ത്യന്‍ യുവതിയുടെ വീഡിയോ
reporter

ഇന്ത്യയിലെ ദൈനംദിന ജീവിതത്തില്‍ വളരെ സാധാരണമായി തോന്നുന്ന പല സൗകര്യങ്ങളും വിദേശത്ത്, പ്രത്യേകിച്ച് യുകെയില്‍, വലിയൊരു ആഡംബരമായി മാറുന്നുവെന്ന് തുറന്നുപറഞ്ഞ് യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിധി ലില്‍ഹ എന്ന യുവതിയാണ് ഇന്ത്യയിലെയും യുകെയിലെയും ജീവിതരീതികളെ താരതമ്യം ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ''ഇന്ത്യയില്‍ വളരെ സാധാരണമായി തോന്നുന്ന കാര്യങ്ങള്‍ യുകെയില്‍ പെട്ടെന്ന് ആഡംബര സര്‍വീസുകളായി മാറുന്നു'' എന്നായിരുന്നു വീഡിയോയിലെ പ്രധാന സന്ദേശം. ഭക്ഷണ ഡെലിവറി, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍, ഓണ്‍ലൈന്‍ റിട്ടേണ്‍സ്, വീട്ടുജോലിക്കാര്‍, അറ്റകുറ്റപ്പണികള്‍, ഗതാഗതം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് യുവതി താരതമ്യം നടത്തിയത്.

ഇന്ത്യയില്‍ ഭക്ഷണം, ഗ്രോസറി, മരുന്നുകള്‍ എന്നിവ വീട്ടുപടിക്കല്‍ എത്തുന്നത് സാധാരണമാണ്. എന്നാല്‍ യുകെയില്‍ പല കാര്യങ്ങള്‍ക്കും ആളുകള്‍ നേരിട്ട് പോയി വാങ്ങുകയോ ഡ്രോപ്പ് ചെയ്യുകയോ ചെയ്യേണ്ടിവരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ഇന്ത്യയിലെ പല വീടുകളിലും വീട്ടുജോലിക്കാരോ പാചകക്കാരോ ക്ലീനര്‍മാരോ സാധാരണമായി ലഭിക്കുമ്പോള്‍, യുകെയില്‍ ഇത്തരം സഹായങ്ങള്‍ വലിയ ചെലവുള്ള സേവനങ്ങളാണെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ റിപ്പയറിംഗ് സംസ്‌കാരത്തെയും അവര്‍ പ്രത്യേകം പ്രശംസിച്ചു. വീടിനടുത്തുള്ള ചെറിയ കടകളില്‍ കുറഞ്ഞ ചെലവില്‍ പല സാധനങ്ങളും നന്നാക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ത്യയില്‍ സാധാരണമാണ്. എന്നാല്‍ യുകെയില്‍ പലപ്പോഴും നന്നാക്കുന്നതിനെക്കാള്‍ പുതിയവ വാങ്ങുന്നതാണ് പതിവെന്ന് വീഡിയോയില്‍ പറയുന്നു.

ഇന്ത്യയില്‍ അവസാന നിമിഷത്തെ ആവശ്യങ്ങള്‍ പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമ്പോള്‍, യുകെയിലെ ജീവിതം മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങള്‍ക്കും അപ്പോയിന്റ്മെന്റുകള്‍ക്കും കൂടുതല്‍ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പല ബിസിനസുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുമ്പോള്‍, യുകെയില്‍ കര്‍ശനമായ കമ്പനിപോളിസികള്‍ക്കാണ് മുന്‍ഗണനയെന്നും യുവതി പറയുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേര്‍ അവരുടെ അഭിപ്രായത്തോട് യോജിച്ച് പ്രതികരിച്ചു. ''ഇന്ത്യയിലെ സൗകര്യങ്ങള്‍ നമ്മളെ അത്രയധികം വഷളാക്കിവെച്ചിട്ടുണ്ട്; വിദേശത്ത് പോയാലാണ് അതിന്റെ വില മനസ്സിലാകുന്നത്,'' എന്നായിരുന്നു ഒരാളുടെ കമന്റ്. കൊറിയര്‍ ഡെലിവറി, വീട്ടുജോലിക്കാര്‍, കുറഞ്ഞ ചെലവിലുള്ള ഭക്ഷണം, റിപ്പയറിംഗ് സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലെ സൗകര്യങ്ങള്‍ വിദേശത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജീവിതത്തിലെ ചെറിയ സൗകര്യങ്ങള്‍ പോലും വിദേശജീവിതത്തില്‍ എത്ര വലിയ മൂല്യമുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുഭിപ്രായം.

 
Other News in this category

 
 




 
Close Window