Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്
reporter

ലണ്ടന്‍/ഇരിട്ടി: യുകെയിലെ നോര്‍ത്ത് വാല്‍ഷാമില്‍ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചു. അടുത്തിടെ ബാധിച്ച വൈറല്‍ രോഗത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകുകയും രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെടുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മരണകാരണം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഹെലന്റെ തലയില്‍ യാതൊരുവിധ ബാഹ്യക്ഷതകളും ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടുത്ത വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്‌കത്തിനുള്ളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹെലനെ നോര്‍വിച്ചിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രവാസജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി അടുത്തിടെയാണ് അബിനും കുടുംബവും യുകെയിലെത്തിയത്. ഹെലന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഹെലന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യുകെയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ നടക്കും.

 
Other News in this category

 
 




 
Close Window