വിദേശരാജ്യങ്ങളിലേക്ക് ജോലിക്കും പഠനാവശ്യങ്ങള്‍ക്കും ഒക്കെയായി പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കുന്നവരും ഇന്ന് ഏറെയാണ്. മലിനീകരണം, സൗകര്യങ്ങള്‍ കുറവ് തുടങ്ങി പല കാരണങ്ങളും ആളുകള്‍ അതിന് പറയാറുണ്ട്. അതുപോലെ ഒരാളുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സിദ്ധാര്‍ത്ഥ് സിംഗ് ഗൗതം എന്ന യുവാവാണ് താന്‍ സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് എക്‌സില്‍ (ട്വിറ്ററില്‍) പോസ്റ്റിട്ടിരിക്കുന്നത്. യുവാവ് പറയുന്നത്, താന്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഇവിടെ നിന്നും പോകാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. '2025 -ല്‍ ഞാന്‍ ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് സ്ഥിരമായി മാറും. ഡോക്യുമെന്റേഷന്‍ പ്രോസസ് നടക്കുകയാണ്. ഇവിടുത്തെ രാഷ്ട്രീയക്കാരെ എനിക്ക് സഹിക്കാനാവില്ല. 40% നികുതി അടച്ചുകൊണ്ട് മലിനമായ വായു ശ്വസിക്കേണ്ടുന്ന ആവശ്യമില്ല. നിങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ടെങ്കില്‍ ദയവായി ഇവിടം വിട്ട് പോകണം എന്നതാണ് എന്റെ സത്യസന്ധമായ നിര്‍ദ്ദേശം' എന്നാണ് ഗൗതം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍, പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. യുവാവ് പറഞ്ഞത് ശരിയല്ല എന്നാണ് മിക്കവരും പറഞ്ഞത്. വേറെയും നിരവധി കമന്റുകള് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നു. 'ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ ഐസ്ലാന്‍ഡിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ പര്‍വതങ്ങളിലേക്കോ മാറണം, നിങ്ങളുടെ ഏത് ജോലിയും ഇന്ന് റിമോട്ടായി ചെയ്യാനാവും. കാരണം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എല്ലായിടത്തും ലഭ്യമാണ്. ഭക്ഷണവും ആളുകളും മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം, സന്തോഷത്തെയും പരിഗണിക്കുക. മുംബൈ വിട്ട് സിംഗപ്പൂരിലേക്ക് പോകരുത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. ചിലര്‍, 'ഇപ്പോള്‍ തന്നെ പോയിക്കോളൂ, തിരികെ ഇന്ത്യയിലേക്ക് വരികയേ വേണ്ട' എന്നാണ് കമന്റ് നല്‍കിയത്. എന്നാല്‍, തനിക്ക് രാജ്യത്തോടല്ല കുഴപ്പമെന്നും ഈ മലിനീകരണം ആരോഗ്യത്തിന് ഭീഷണിയാണ് എന്നുമാണ് ഗൗതത്തിന്റെ മറുപടി. എന്തായാലും പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചയാണ് നടക്കുന്നത്.