തായ്ലന്‍ഡിലെ സന്യാസിമഠത്തില്‍ 73 മൃതശരീരങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കൂടാതെ സന്യാസിമഠത്തോട് ചേര്‍ന്നുള്ള കുളത്തില്‍ 600 -ലധികം മുതലകളെയും പാര്‍പ്പിച്ചിരിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അനധികൃതമായി അല്ലെന്നും വിശ്വാസികളായവര്‍ സ്വമേധയാ നേരത്തെ തന്നെ അവ സൂക്ഷിക്കാന്‍ അനുവാദം നല്‍കിയതാണെന്നുമാണ് സന്യാസി മഠത്തിന്റെ അവകാശവാദം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നവംബര്‍ 22 -നാണ് തായ്ലന്‍ഡിലെ ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫോ താലെയിലെ പ്രശസ്തമായ തിഫക്സോംഗ് പാ സാംഗ്നായതം സന്യാസിമഠത്തില്‍ തായ് പോലീസ് റെയ്ഡ് നടത്തിയത്. അവിടെനിന്നും 41 മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വനത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സന്യാസിമഠം, 16,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ്. വിശാലമായ സന്യാസിമഠത്തില്‍ ഒരു ഓപ്പണ്‍ എയര്‍ ധ്യാനകേന്ദ്രം, സന്ദര്‍ശകര്‍ക്കും സന്യാസിമാര്‍ക്കുമായി നാല് ഊണുമുറികള്‍, മുളകൊണ്ട് നിര്‍മ്മിച്ച ധ്യാനത്തിനുള്ള പവലിയനുകള്‍ എന്നിവയാണ് ഇവിടെയുള്ളത്.
ധ്യാനസ്ഥലത്ത് നിരവധി ശവപ്പെട്ടികളും പോലീസ് കണ്ടെത്തി. ഇതിനെല്ലാം പുറമേ സന്യാസിമഠത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ 600 -ലധികം മുതലകളെ പാര്‍പ്പിച്ചിരിക്കുന്നതും കണ്ടെത്തി. ഉയര്‍ന്ന വേലികളാല്‍ ചുറ്റപ്പെട്ട ഈ മുതലക്കുളം പുറമേ നിന്നു വരുന്നവര്‍ക്ക് അത്ര വേഗത്തില്‍ കാണാന്‍ കഴിയില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മരണത്തിന് മുമ്പ് സ്വമേധയാ ചില വ്യക്തികള്‍ സംഭാവന ചെയ്തതാണെന്നും ശിഷ്യന്മാരും അവരുടെ കുടുംബാംഗങ്ങളും മരണശേഷം സ്വന്തം ശരീരം സംഭാവന ചെയ്യുന്നത് പതിവാണെന്നുമാണ് സന്യാസി മഠത്തിന്റെ വിശദീകരണം. ഇത് തെളിയിക്കുന്നതിനായി മരണ സര്‍ട്ടിഫിക്കറ്റുകളും, മൃതദേഹം സംഭാവന ചെയ്യുന്നതായി വ്യക്തമാക്കി കൊണ്ടുള്ള സമ്മതപത്രങ്ങളും സന്യാസി മഠം അധികൃതര്‍ പോലീസിന് സമര്‍പ്പിച്ചു.
നവംബര്‍ 26 -ന്, ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ബാംഗ് മുന്‍ നാക് ജില്ലയിലെ മറ്റൊരു സന്യാസിമഠത്തില്‍ നടത്തിയ പരിശോധനയില്‍ അവിടെനിന്നും 32 മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ രണ്ട് മഠങ്ങളും മഠാധിപതിയായ ഫ്രാ അജാന്‍ സായ് ഫോണ്‍ പണ്ഡിറ്റോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. മൃതദേഹങ്ങള്‍ സന്യാസിമാരുടെ മരണഭയത്തെ നേരിടാനും മറികടക്കാനും സഹായിക്കുന്ന ധ്യാന പരിശീലനങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത് എന്നാണ് സന്യാസി മഠം അധികൃതര്‍ പറയുന്നത്. നിലവില്‍, പോലീസ് മൃതദേഹങ്ങള്‍ പിടിച്ചെടുക്കുകയും സന്യാസിമഠവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൃതശരീരങ്ങള്‍ ആരുടേതൊക്കെയാണ് എന്നും അവര്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്നുമുള്ള അന്വേഷണം ആരംഭിച്ചതായും തായ് പൊലീസ് പറഞ്ഞു.