Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ജ്യോതിഷം
  Add your Comment comment
പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പൊരുത്തമുണ്ടാകില്ല ? പൊരുത്തം നോക്കാതെ കല്യാണം കഴിച്ചാല്‍ എന്തു സംഭവിക്കും ?
reporter

കല്യാണം കുട്ടിക്കളിയല്ലെന്നു കാരണവന്മാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ഈ നാട്ടുചൊല്ലില്‍ വലിയ അര്‍ഥമുണ്ട്. ജനനത്തോടൊപ്പം ജീവിതത്തിന്റെ പകുതിയാകുന്ന ജീവനെയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുരാണം. അതില്‍ വാസ്തവമുണ്ടെന്നു മനസിലാകണമെങ്കില്‍ ജന്മനക്ഷത്രപ്പൊരുത്തങ്ങളുടെ അടിസ്ഥാനം തിരിച്ചറിയണം. ജനിച്ച ദിവസവും ഒരാളുടെ സ്വഭാവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെത്തന്നെയാണ് അഗ്നിസാക്ഷിയായി വിവാഹംകൊണ്ടു ബന്ധിതരാകുന്നവര്‍ തമ്മിലുള്ള യോജിപ്പും. രണ്ടു പേര്‍ പരസ്പരം കണ്ടു ചിരിച്ചതുകൊണ്ട് ദാമ്പത്യജീവിതത്തിന് അടിത്തറ ചിട്ടപ്പെടുന്നില്ല. മാനസികമായ പൊരുത്തം മതിയെന്നുള്ള ചിന്തകളെ തള്ളിപ്പറയാതെ തന്നെ ഓര്‍മിപ്പിക്കട്ടെ, മനസുകൊണ്ടുള്ള പൊരുത്തങ്ങള്‍ പിന്നീട് ഒരിക്കലും യോജിപ്പിക്കാന്‍ പറ്റാത്ത വിധം അകലുന്ന സംഭവങ്ങള്‍ നിരവധി. ജ്യോതിഷമെല്ലാം നോക്കിയിട്ടും അകലുന്നവരില്ലേ എന്ന ചോദ്യത്തിനുകൂടി മറുപടി പറഞ്ഞാലേ ഈ ആമുഖം പൂര്‍ണമാകൂ. സ്വിച്ചിട്ടാല്‍ വൈദ്യുതി ബള്‍ബ് തെളിയുമെന്ന് അറിയാമല്ലോ. അതിന് ഇലക്ട്രിക് പവര്‍ വേണമെന്നത് നിഷേധിക്കാനാവുമോ ?  ഇലക്ട്രിക് പവറിനുപകരം ബാറ്ററി വച്ചും ബള്‍ബ് തെളിയിച്ചുകൂടേ എന്നു ചോദിക്കുന്നവരാണ് ജ്യോതിഷം നോക്കിയിട്ടും വിവാഹ ബന്ധത്തില്‍ അനിഷ്ടങ്ങളുണ്ടായി എന്നു വിശദീകരിച്ച് സ്വയം ന്യായവിധി നടത്തുന്നവര്‍ . ജന്മനക്ഷത്രവും പൊരുത്തവും സുദൃഢമായ ദാമ്പത്യത്തിന് നിര്‍ബന്ധമാണ്. ഹിന്ദു മതത്തില്‍ മാത്രമല്ല, ലോകത്ത് എവിടെയാണെങ്കിലും ഇത് അത്ഭുതകരമാം വിധം ചേര്‍ന്നു വരുന്നുണ്ടെന്നു തിരിച്ചറിയുക. 


പത്തു പൊരുത്തങ്ങളിലെ വശ്യം എന്ന പൊരുത്തം ഉണ്ടെങ്കില്‍ ഇരുവരും തമ്മില്‍ മനസ്സുകള്‍ക്കു നല്ല ആകര്‍ഷണമായിരിക്കും എന്നാണു ഫലം പറയുന്നത്.

സമസപ്തമം എന്ന ഗുണം ഉള്ളവര്‍ തമ്മില്‍ മനസ്സുകള്‍ക്കു നല്ല പൊരുത്തമായിരിക്കും എന്നാണ് അനുഭവം. സമസപ്തമം എന്നാല്‍ ഇരുവര്‍ക്കും തുല്യമായി ഏഴ് എന്ന അവസ്ഥ. അതായത്, സ്ത്രീ ജനിച്ച കൂറിന്റെ ഏഴാംരാശി പുരുഷന്റെ ജന്മക്കൂറാകുന്ന അവസ്ഥയാണ് സമസപ്തമം. സ്ത്രീയുടെ ജന്മക്കൂറില്‍ നിന്ന് ഏഴാംരാശിയാണു പുരുഷന്റേത് എങ്കില്‍ മറിച്ചും അങ്ങനെത്തന്നെ ആയിരിക്കും.

അശ്വതി, ഭരണി നക്ഷത്രങ്ങളിലും കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ ഭാഗത്തിലും ജനിച്ചവര്‍ മേടക്കൂറുകാര്‍ ആണ്. ഇവര്‍ക്ക് തുലാക്കൂറ് ആണ് ഏഴാംരാശി. ഈ കൂറില്‍ പെടുന്നതു ചിത്തിരയുടെ

അവസാനപകുതി, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാല്‍ ഭാഗം എന്നിവയാണ്. മേടക്കൂറില്‍ ജനിച്ചവര്‍ക്ക് തുലാക്കൂറില്‍ ജനിച്ചവര്‍ സമസപ്തമം ഉള്ളവരായിരിക്കും. ഇവര്‍ക്കു തമ്മില്‍ മനസ്സിന്റെ പൊരുത്തം കൂടും എന്നര്‍ഥം.

അതുപോലെ കാര്‍ത്തികയുടെ അവസാനത്തെ മുക്കാല്‍ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതി എന്നിവയില്‍ ജനിച്ച ഇടവക്കൂറുകാര്‍ക്ക് വിശാഖത്തിന്റെ അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങള്‍ പെടുന്ന വൃശ്ചികക്കൂറുകാര്‍ സമസപ്തമം ആയതിനാല്‍ മനസ്സിന്റെ പൊരുത്തം കൂടുതല്‍ ഉള്ളവരായിരിക്കും.

ഇങ്ങനെ നോക്കിയാല്‍ , മിഥുനക്കൂറുകാര്‍ക്കും ധനുക്കൂറുകാരും കര്‍ക്കടകക്കൂറുകാര്‍ക്കു മകരക്കൂറുകാരും ചിങ്ങക്കൂറുകാര്‍ക്കു കുംഭക്കൂറുകാരും കന്നിക്കൂറുകാര്‍ക്കു മീനക്കൂറുകാരും സമസപ്തമമുള്ളതിനാല്‍ മനസ്സു കൊണ്ടു കൂടുതല്‍ അടുപ്പമുള്ളവരായിരിക്കും.

അശ്വതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ സൗന്ദര്യം, അധികാരം, ധനം, നല്ല ആകൃതി പ്രകൃതി, ശുചിത്രം, ഗുരുഭക്തി, ഈശ്വരഭക്തി എന്നീ ഗുണങ്ങള്‍ ഉള്ളവരായിരിക്കും.

ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ശണ്ഠപ്രകൃതിയും,

ക്രൗര്യം, കലഹപ്രിയം, ദുഷ്ടത കാട്ടാന്‍ മടിയില്ലാത്ത മാനസികാവസ്ഥ, ധനം ഉറയ്ക്കായ്ക, കീര്‍ത്തിദോഷം, ശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ, അനാദരപ്രകൃതം എന്നിവ സ്വഭാവഭാഗമായി വന്നുചേരാം.

കാര്‍ത്തിക നക്ഷത്രത്തില്‍ സ്ത്രീ ജനിച്ചാല്‍ കോപകൂടുതല്‍, ഏറ്റുമുട്ടാനും കലഹമുണ്ടാക്കാനും താല്‍പര്യം, ഈശ്വരീയ മാര്‍ഗത്തില്‍ വൈരാഗിയായി മുന്നേറല്‍ , ബന്ധുക്കളുടെ സഹായമില്ലായ്മ, ദേഹത്തിന് ഏതെങ്കിലും പോരായ്മയും കഫപ്രകൃതവും ഉണ്ടാകാം.

രോഹിണി നക്ഷത്രം സ്ത്രീ സൗന്ദര്യവും, ശുചിത്വവും അവധാനതയും ത്യാജ്യഗ്രാഹ്യശേഷിയും ഭര്‍ത്താവിലും ഗുരുജനങ്ങളിലും ആദരവും നല്ല സന്താനങ്ങളും ഫലമായി വരണം.

മകയിരം നക്ഷത്രത്തില്‍

ജനിച്ച സ്ത്രീ മാന്യയും രൂപഗുണവതിയും നല്ല വാക്കും ആഭരണതാല്‍പര്യവും അലങ്കാര താല്‍പര്യവും ശരീരശുദ്ധി, സല്‍സന്താനങ്ങള്‍ എന്നീ ഗുണങ്ങള്‍ക്ക് ഉടമയാകണം.

തിരുവാതിര നാളില്‍ ജനിച്ച സ്ത്രീ കോപക്കൂടുതലുള്ളവളും അമര്‍ഷം നിയന്ത്രിക്കാന്‍ ശേഷിയുള്ളവും കഫ-പിത്ത പ്രകൃതിയും ശ്രദ്ധിച്ചാലും അനിയന്ത്രിതമായി ചെലവ് വരുത്തുന്നവളും പാണ്ഡിത്യമുള്ളവളും ഉള്ളവളായിരിക്കും.

പുണര്‍തം നാളില്‍ ജനിച്ചാല്‍ അങ്ങനെയുള്ള സ്ത്രീ അഹങ്കാരം ഇല്ലാത്തവളും കീര്‍ത്തിയും ജ്ഞാനവും പുണ്യകാര്യങ്ങളില്‍ താല്‍പര്യവും സല്‍സ്വഭാവവും ധര്‍മകാര്യങ്ങളില്‍ താല്‍പര്യമുള്ളവളും ആയിരിക്കും.

പൂയം നാളില്‍ ജനിച്ച സ്ത്രീ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന പ്രവൃത്തികള്‍ ചെയ്ത് വിജയിക്കുന്നവളും ഭാഗ്യം, സല്‍പുത്രന്മാര്‍ , ഗുരു-ദേവഭക്തി, ബന്ധുക്കള്‍ക്ക് പ്രിയത്വം, ജീവിതസുഖം എന്നിവയും വന്നു ചേരേണ്ടതാണ്.

ആയില്യം നാളില്‍ ജനിച്ച സ്ത്രീയ്ക്ക് ഗര്‍വും ഡംഭും സ്വാര്‍ഥതയും കൂടും. സദാ ഏതെങ്കിലും ഒരു കാര്യത്തില്‍ മനസ്സിന് നൊമ്പരം ഉണ്ടായിക്കൊണ്ടിരിക്കും. പലരും അലസതാ സ്വഭാവത്തോടു കൂടിയവരും കഠിനമായി സംസാരിക്കുവാന്‍ മടിയില്ലാത്തവരും ആകാം.

മകം പിറന്ന മങ്ക പ്രസിദ്ധമായ ഒരു പ്രയോഗമാണല്ലോ. സ്ത്രീകള്‍ക്ക് ഏറ്റവും ഗുണം നല്‍കുന്നതില്‍ ഒരു നക്ഷത്രമാണ് മകം. സദാ ശ്രീമതിയും സത്കര്‍മങ്ങളില്‍ താല്‍പര്യമുള്ളവളും ഗുരുത്വമുള്ളവളും സുഖജീവിതം ലഭിക്കുന്നവരും എന്നാല്‍ ഒരു ശത്രുപക്ഷം ജീവിതം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും.

പൂരം മുപ്പൂരമായ പൂരം പൂരാടം, പൂരുരുട്ടാതിയില്‍പ്പെട്ടതാണ്. ഐശ്വര്യമുള്ള നാളാണ്. പുരുഷപ്രകൃതി ജീവിതത്തില്‍ അനുനിഴലിക്കും. ഗുണങ്ങളറിഞ്ഞേ ആദരിക്കൂ എന്ന് നിര്‍ബന്ധമുള്ളവരാണ്. വൃദ്ധിക്ഷയം മാറി മാറി വരുന്ന ജീവിതപ്രകൃതിയാണ്.

ഉത്രം നാളില്‍ ജനിച്ചവള്‍ സുസ്ഥിരമായ ബുദ്ധിയും ധനവും നീതിബോധവും ഗൃഹഭരണത്തില്‍ നിപുണതയും ഗുണവതിയും ആയിരിക്കും.

അത്തം നക്ഷത്രം സ്ത്രീകളുടെ കൈയ്യും കണ്ണും കാതും അഴകുള്ളതായിരിക്കും. പഞ്ചമ, സത്പ്രവൃത്തി, അറിവ്, സുഖാനുഭവം ഉള്ളവരും ആയിരിക്കും.

ചിത്തിര നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീയ്ക്ക് അഴക്, സുഖം, ധനം പൊതുവില്‍ നന്നായിരിക്കും. എന്നാല്‍ തിഥിദോഷം പ്രത്യേകിച്ചും ചതുര്‍ദശി സംഭവിച്ചാല്‍ വിപരീത ജീവിതം സംഭവിക്കും.

ചോതി നക്ഷത്ര സ്ത്രീയ്ക്ക് ഭര്‍ത്തൃഗുണം, പുത്രഗുണം, സമ്പത്ത്, സ്വഭാവഗുണം, മെല്ലെ നടക്കുന്നവളും യശസ്, വിജയം എന്നിവയും ഫലം.

വിശാഖം നക്ഷത്ര സ്ത്രീ ചാതുര്യമായി സംസാരിക്കും. ശരീരവും സുന്ദരമായിരിക്കും. ബന്ധുക്കളും സമ്പത്തും ഈശ്വരവിശ്വാസവും സദാചാരബോധവും കാണും.

അനിഴം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീയ്ക്ക് ബന്ധുഗുണവും വിനയവും ആകര്‍ഷകമായ ശരീരവും ആടയാഭരണഭ്രമവും സല്‍സ്വഭാവവും ഉണ്ടാകും.

തൃക്കേട്ട നക്ഷത്ര ജാതയായ സ്ത്രീ സുന്ദരിയും ജന്മപ്രതിഭയും സംഭാഷണശേഷിയും സുഖമോഹവും സന്താനഭാഗ്യവും നെറിയും നേരുമുള്ള ജീവിതശൈലിയുമായിരിക്കും.

മൂലം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് സുഖക്കുറവ് സ്വാഭാവികമാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു മനോവ്യഥ സ്വാഭാവികമായി ഉണ്ടാകാം. എന്നാല്‍ ഈശ്വരവിശ്വാസവും ഭര്‍ത്തൃഭക്തയുമെല്ലാമായിരിക്കും.

പൂരാടം നക്ഷത്രക്കാര്‍ ജനിച്ചകുലത്തില്‍ മുഖ്യസ്ഥാനം ലഭിക്കുന്നവളും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവളും കാര്യശേഷിയുള്ളവളും സവിശേഷമായ നയനങ്ങളോടു കൂടിയവളുമായിരിക്കും. വെള്ളിയാഴ്ചയും പൂരാടവുമാണെങ്കില്‍ ചില അനര്‍ഥങ്ങള്‍ നിനച്ചിരിക്കാതെ വന്നു ഭവിക്കാം.

ഉത്രാടം നക്ഷത്രജാതയായ സ്ത്രീ സൗന്ദര്യം, വിനയം, പ്രസിദ്ധി, സമ്പത്ത്, സുഖം എവിടെയും പ്രാമുഖ്യം എന്നിവ ലഭിക്കുന്നവളായിരിക്കും.

തിരുവോണം നാളില്‍ ജനിച്ച സ്ത്രീ രൂപവതിയും ഗുണവതിയും അറിവുള്ളവളും പഠനതാല്‍പര്യവും ദാനശീലയും തൃപ്തമായ മനസ്സോടു കൂടിയവളുമായിരിക്കും.

അവിട്ടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ സല്‍ക്കഥാ കീര്‍ത്തനങ്ങളില്‍ താല്‍പര്യവും ഭക്ഷണസുഖമുള്ളവളും ജീവിതം പുരോഗതിയില്‍ കൊണ്ടെത്തിക്കുന്നവളും ഗുരുത്വമുള്ളവളും ഗുണവതിയും ആയിരിക്കും.

ചതയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ മനോനിയന്ത്രണം ഉള്ളവളും ജനസമ്മതയും മറ്റുള്ളവരുടെ ആദരവ് ലഭിക്കുന്നളും നല്ലവരെ അവരുടെ ഗുണമനുസരിച്ച് ആദരിക്കുന്നവളുമായിരിക്കും.

പൂരുരുട്ടാതിയില്‍ ജനിച്ച സ്ത്രീ ജനിച്ചകുലത്തില്‍ മുഖ്യയായി മാറും. സമ്പത്ത്, സന്താനം, പരോപകാരഗുണം, സജ്ജനസമ്പര്‍ക്കം എന്നീ ഗുണങ്ങളും കാണാം.

ഉത്രട്ടാതിയില്‍ ജനിച്ച സ്ത്രീ ഹിതമായ കാര്യങ്ങള്‍ പ്രവൃത്തിക്കുന്നവളും അനുസരണശീലമുള്ളവളും ക്ഷമയുള്ളവളും ദിനചര്യയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവളും ആയിരിക്കും.

രേവതിയില്‍ ജനിച്ചവള്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവളും ബന്ധുത്വം സ്വഭാവഗുണം, വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.

ശനിയാഴ്ചയും ആയില്യവും ദ്വിതീയയും, ചൊവ്വാഴ്ചയും സപ്തമിയും ചതയവും, ഞായറാഴ്ചയുംദ്വാദശിയും വിശാഖവും തമ്മില്‍ ചേരുന്ന ദിവസം ജനിക്കുന്ന സ്ത്രീകള്‍ക്ക് വിഷകന്യാദോഷം സംഭവിക്കാം. ഈ യോഗത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്തൃനാശവും ധനനാശവും കലഹവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

 

 
 
Other News in this category

 
 




 
Close Window