Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാരുടെ സമ്പാദ്യം സര്‍ക്കാര്‍ കണ്ടുകെട്ടും
Reporter

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരുടെ സമ്പാദ്യം സര്‍ക്കാരിലേക്കു കണ്ടുകെട്ടാനുള്ള തീരുമാനം ബ്രിട്ടന്‍ പ്രാബല്യത്തിലാക്കുന്നു. നിയമവിധേയ മാര്‍ഗത്തിലല്ലാതെ യു.കെയിലെത്തി തൊഴിലെടുത്തു കഴിയുന്നവരെ പിടികൂടി ജയിലിലാക്കാനുള്ള കര്‍ശന നിര്‍ദേശവും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞും യുകെയില്‍ തങ്ങുന്നവരെയും പരിശോധനയില്‍ കുടുക്കും. സ്റ്റുഡന്റ് വിസയിലും മറ്റും എത്തിയിട്ടുള്ള നിരവധി മലയാളികള്‍ ഇങ്ങനെ തങ്ങുന്നുണ്ട്. ഇവര്‍ക്ക്# പിടിവീഴാനുള്ള സാധ്യതയായി. ഇത്തരക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും. കാമറൂണ്‍ സര്‍ക്കാരിന്റെ കുടിയേറ്റനയം ഫലപ്രദമാണെന്ന് വിമര്‍ശകരെ ബോധ്യപ്പെടുത്താനുംകൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വേനല്‍ക്കാല ഇടവേളയ്ക്കുശേഷം സെപ്റ്റംബറില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ അനധികൃതകുടിയേറ്റത്തിനു മൂക്കുകയറിടാന്‍ പര്യാപ്തമായ കര്‍ശന നിയമവ്യവസ്ഥകള്‍ക്ക് രൂപം നല്‍കുമെന്ന് കുടിയേറ്റമന്ത്രി ജെയിംസ് ബ്രോക്കന്‍ഷയര്‍ വ്യക്തമാക്കി. തൊഴിലെടുത്തു കഴിയുന്നതിനു പിടിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ ആറുമാസത്തോളം ജയിലിലാക്കാനും വലിയതുക പിഴയീടാക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യും. അതിനുപുറമേ ഇത്തരക്കാര്‍ തൊഴിലെടുത്ത് സമ്പാദിച്ച തുകയത്രയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള വ്യവസ്ഥയും ഉള്‍ക്കൊള്ളിക്കുമെന്നും ബ്രോക്കന്‍ഷയര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വര്‍ധന നിലവിലെ സാഹചര്യത്തിലും തുടരുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും അനധികൃത കുടിയേറ്റത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. ഫ്രാന്‍സിലെ ചാനല്‍ ടണല്‍ വഴി അനധികൃത മാര്‍ഗത്തില്‍ കുടിയേറുന്നവരുടെ എണ്ണം പെരുകിയത് പുതിയ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ യു.കെയില്‍ കടന്നുകയറുന്നവര്‍ എന്തുജോലിയും ചെയ്യാന്‍ തയാറുമാണ്. കുറഞ്ഞ വേതനത്തില്‍ തൊഴിലെടുക്കാനുള്ള ഇവരുടെ താല്‍പര്യം ചൂഷണം ചെയ്യുന്നവരും യു.കെയില്‍ കുറവല്ല. അനധികൃതമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയുള്ള തൊഴിലുടമകളുടെ ഈ പ്രവൃത്തിക്ക് തടയിടാനും പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

യു.കെ. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സ്വപ്നഭൂമിയെന്ന തിരിച്ചറിവില്‍ അനധികൃതമാര്‍ഗത്തിലൂടെ യു.കെയിലെത്തുന്നവരാണ് അധികംപേരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരക്കാര്‍ മൃദുസമീപനം പ്രതീക്ഷിക്കുകയേ വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ രാജ്യത്ത് തങ്ങാനോ തൊഴിലെടുക്കാനോ അനുവാദമില്ല. ഇവരുടെ ജോലി ചെയ്യാനുള്ള മാര്‍ഗത്തിനു തടയിടാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനെപ്പോലെ ജനത്തിനുമുണ്ട്. ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും കാര്‍ ഡ്രൈവ് ചെയ്യുന്നതിനും ഇത്തരക്കാര്‍ക്ക് അനുമതിയില്ലെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കുടിയേറ്റമന്ത്രി ജെയിംസ് ബ്രോക്കന്‍ഷയര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window