Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ നിയമത്തില്‍ ചില വകുപ്പുകള്‍ വച്ച് ആപ്ലിക്കേഷന്‍ തള്ളുന്നതിന് തടയിടാന്‍ നിയമം കൊണ്ടു വരണമെന്നു കോടതി
Reporter
മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഇമിഗ്രേഷന്‍ അപേക്ഷകള്‍ തള്ളുന്ന ഹോം ഓഫിസ് നടപടിക്കെതിരേ കോടതി. ഇമിഗ്രേഷന്‍ നിയമം ഹോം ഓഫിസ് വളച്ചൊടിക്കുകയാണെന്ന് അപ്പീല്‍ കോടതി. ഇമിഗ്രേഷന്‍ നിയമത്തിലെ തീവ്രവാദവുമായി ബന്ധപ്പെട്ട പാരഗ്രാഫ് ഉദ്ധരിച്ചാണ് പലപ്പോഴും ഹോം ഓഫിസ് അപേക്ഷകള്‍ തള്ളുന്നത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ നിയമത്തില്‍ വ്യക്തത കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. മനുഷ്യസഹജമായ തെറ്റുകളെ കള്ളത്തരങ്ങളായി വ്യാഖ്യാനിച്ച് കുടിയേറ്റക്കാരെ നിയമക്കുരുക്കിലാക്കുന്ന നടപടി അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അപേക്ഷകന്റെ നികുതിയടച്ച രസീതിലെ വിവരങ്ങളും വേതന വിവരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈരുദ്ധ്യം മനുഷ്യസഹജമായ തെറ്റുകള്‍ കൊണ്ട് സംഭവിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നാല് സമാന കേസുകളാണ് കോടതി പരിഗണിച്ചത്. ഇതില്‍ മൂന്ന് കേസുകള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അനുമതി നിഷേധിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കേസില്‍ മനപൂര്‍വ്വം കള്ളത്തരം കാണിച്ചുവെന്നതിന് കാരണം കണ്ടെത്താന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജ് ചൂണ്ടിക്കാണിച്ചു. ശ്രദ്ധക്കുറവ്, അബദ്ധം, അശ്രദ്ധ തുടങ്ങിയ കാര്യങ്ങളെ മനപൂര്‍വ്വമുള്ള കള്ളത്തരങ്ങളായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ലീവ് ടു റിമൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കാണിച്ചിരിക്കുന്ന വേതനത്തിലെ വൈരുദ്ധ്യമാണ് പിന്നീട് വലിയ നിയമപ്രശ്‌നമായി മാറ്റാന്‍ ഹോം ഓഫീസ് തിടുക്കം കാണിക്കുന്നത്. എന്നാല്‍ ഇത്തരം കൈയ്യബദ്ധങ്ങള്‍ മനപൂര്‍വ്വമുള്ള കള്ളത്തരമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം അബദ്ധങ്ങള്‍ പിണയുന്നവരുടെ തൊളിലെടുക്കാനുള്ള അവകാശം ഹോം ഓഫീസ് നിഷേധിക്കാറുണ്ട്. ഇവരില്‍ മിക്കവരും യു.കെയിലെ സ്‌കില്‍ഡ് പ്രൊഫഷണല്‍ മേഖലയിലുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തിലുള്ള കൈയ്യബദ്ധങ്ങള്‍ ഇമിഗ്രേഷന്‍ നിയമകുരുക്കാക്കി മാറ്റാന്‍ ഹോം ഓഫീസ് ശ്രമിക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നവരെന്ന രീതിയിലാണ് പിന്നീട് കൈയ്യബദ്ധങ്ങള്‍ ചിത്രീകരിക്കപ്പെടുക. കുടിയേറ്റക്കാരനായ ഇക്രമുള്ളാഹ് (42) സമാന കേസില്‍ ഉള്‍പ്പെട്ട് ജോലി ചെയ്യാനാവാതെ കഷ്ടപ്പെടേണ്ടി വന്ന വ്യക്തിയാണ്. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടികള്‍ കാരണം ഒറ്റമുറിയിലാണ് ഇപ്പോള്‍ താമസം. ജോലി ചെയ്യാനുള്ള അവകാശം ഹോം ഓഫീസ് നിരാകരിച്ചതോടെയാണ് ദയനീയമായ ജീവിത സാഹചര്യത്തിലേക്ക് ഇവര്‍ കൂപ്പുകുത്തിയത്. നികുതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ ഭാഗമായിരുന്നു ഇക്രമുള്ള്ഹിനെ കുടുക്കിയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 
Other News in this category

 
 




 
Close Window