Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചന്ദനമരം വീട്ടില്‍ വളര്‍ത്താം: തൈ കിട്ടാനുണ്ട്; നേരെ വണ്ടി വിട്ടോളൂ മറയൂരിലേക്ക്
Reporter
ചന്ദനമരം പൂര്‍ണ വളര്‍ച്ച എത്തണമെങ്കില്‍ 15 മുതല്‍ 30 വര്‍ഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനില്‍നിന്ന് തൈകള്‍ വില്‍പന നടത്തുന്നുണ്ട്. ഏപ്രില്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ 3,000 തൈകളാണ് വിറ്റഴിച്ചത്. കേരളത്തില്‍ എല്ലാ ജില്ലകളില്‍നിന്നും ചന്ദനത്തൈകള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്.

മറയൂരെന്നു കേട്ടാല്‍ ആദ്യം ഓര്‍മ വരിക ചന്ദനക്കാടുകള്‍ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞു നില്‍ക്കുന്ന ചന്ദനത്തോട്ടങ്ങളുടെ തണലും കുളിര്‍മയും വ്യത്യസ്തമായ അനുഭവം തന്നെയാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ചന്ദനത്തടികളാണ് മറയൂരിന്റെ പ്രത്യേകത. സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍.

ലോകത്തില്‍ തന്നെ വളരെ വിരളമായ ചന്ദനമരങ്ങള്‍ ഇന്ത്യയില്‍ മൈസൂരു, കുടക്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ വളരുന്നു. കേരളത്തില്‍ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും മറയൂരിലാണ്. ഇരവികുളം വനം ഡിവിഷനില്‍ ഉള്‍പ്പെട്ട ചിന്നാറിലും ചന്ദനങ്ങളുണ്ട്.മറയൂര്‍ ചന്ദന മരത്തിനുള്ളില്‍ കാതലും ചന്ദനത്തൈലത്തിന്റെ അളവും കൂടുതലാണ്. 50 സെന്റീമീറ്റര്‍ ചുറ്റളവുള്ള മരമാണ് ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടില്‍ വളര്‍ച്ചയെത്തിയത്.

മഴനിഴല്‍ പ്രദേശമായ മറയൂരില്‍ ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ് ചന്ദനത്തില്‍ കാതല്‍ കൂടാന്‍ സഹായിക്കുന്നത്. ഒരു വര്‍ഷത്തില്‍ ശരാശരി ഒരു സെന്റീമീറ്റര്‍ ആണ് മരത്തിന്റെ വളര്‍ച്ച. ഉയര്‍ന്ന അളവിലുള്ള സുഗന്ധതൈലങ്ങള്‍ നിര്‍മിക്കാന്‍ ചന്ദനം ആവശ്യമാണ്. സൗന്ദര്യ വര്‍ധക വ്യവസായത്തില്‍ ചന്ദന എണ്ണ വ്യാപകമായി ഉപയോഗിക്കുന്നു.

ചന്ദനം വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസ്സമില്ല. വലിയ പ്ലാന്റേഷനായും ചന്ദനം വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ ചന്ദനമരങ്ങള്‍ ഉണ്ടെങ്കില്‍ ഉടമയ്ക്ക് സര്‍ക്കാര്‍ പണം നല്‍കും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലാണ് മരമെങ്കില്‍ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. സര്‍ക്കാര്‍ ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കിയാല്‍ പണം ലഭിക്കും.

ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല, കിലോഗ്രാമിലാണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിന്റെ മൊത്ത വിലയുടെ 95 ശതമാനം വരെ ഉടമസ്ഥന് ലഭിക്കും. സാധാരണ ഒരു മരത്തില്‍നിന്ന് 5-10 ലക്ഷം രൂപ വരെ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തുന്നത് 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഒരു ചന്ദന തൈയ്ക്ക് 75 രൂപയാണ് വില. ചന്ദനം അര്‍ധപരാദ സസ്യമാണ് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്പോള്‍ കൂടെ മറ്റേതെങ്കിലും തൈകള്‍ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഒപ്പം നടുന്ന സസ്യത്തില്‍നിന്ന് വലിച്ചെടുക്കും. ചന്ദനത്തിനൊപ്പം നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവര്‍ഗങ്ങള്‍ എന്നിവ നടണം. തൈയോടൊപ്പം നിലവില്‍ ഇവ ലഭിക്കും. 50 സെന്റീമീറ്റര്‍ വരെ വളര്‍ച്ച എത്തുമ്പോള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കണം.

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്ന ചന്ദനത്തിന് വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും വളര്‍ന്നു കഴിഞ്ഞാല്‍ ഒരു കണ്ണ് മരത്തില്‍ വേണം. തക്കം കിട്ടിയാല്‍ വേരുപോലും അറിയാതെ ചന്ദനമരം അടിച്ചുമാറ്റാന്‍ കെല്‍പുള്ള കള്ളന്‍മാര്‍ ഒട്ടേറെയുണ്ട്. സര്‍ക്കാര്‍ ചന്ദനക്കാടുകളില്‍ വലിയ സുരക്ഷയും കാവലും ഉള്ളതിനാല്‍ സ്വകാര്യഭൂമിയിലെ മരങ്ങളിലാണ് കള്ളന്‍മാര്‍ക്ക് കൂടുതല്‍ താല്‍പര്യം.
 
Other News in this category

 
 




 
Close Window