ലണ്ടന്‍: യുകെയില്‍ ആഘോഷങ്ങള്‍ക്ക് മേല്‍ വെള്ളം കോരിയൊഴിച്ച് ശോഭ കെടുത്താന്‍ കാലാവസ്ഥ വില്ലനായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ന്യൂഇയര്‍ തലേന്ന് 75 എംപിഎച്ച് വരെ കാറ്റും, വെള്ളപ്പൊക്കവും, മഞ്ഞും, ഐസുമൊക്കെയാണ് യുകെയ്ക്കായി മെറ്റ് ഓഫീസ് പറഞ്ഞുവെയ്ക്കുന്നത്. യുകെയില്‍ ഉടനീളം മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചതിന് പുറമെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ചുഴലിക്കാറ്റ് അറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഒറ്റപ്പെട്ട മേഖലകളിലായാണ് പ്രത്യക്ഷപ്പെടുക. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ആംഗ്ലിയ, സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, ചാനല്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലാണ് ഇത് ബാധിക്കുക. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്. നൂറോളം വീടുകള്‍ ചുഴലിക്കാറ്റില്‍ നാശമായിരുന്നു. ഇതിനിടെ കൊടുങ്കാറ്റുകളുടെ പ്രഭാവം യാത്രകളില്‍ ശക്തമായി പ്രതിഫലിച്ചു. പ്രധാനപ്പെട്ട യൂറോസ്റ്റാര്‍ യാത്ര വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. സെന്റ് പാന്‍ക്രാസില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും കമ്പനി റദ്ദാക്കി. സൗത്ത് കോസ്റ്റ് മുഴുവന്‍ കവര്‍ ചെയ്യുന്ന കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈസ്റ്റ് ഭാഗത്ത് നോര്‍വിച്ച് മുതല്‍ വെയില്‍സ് മുഴുവനുമായും ഇതിന്റെ ആഘാതം പ്രതീക്ഷിക്കാം.