ഓപ്പറേഷന്‍ എന്ന് പറയുന്നത് തന്നെ ഒരു അപകടകരമായ പണിയാണ്. ശരീരം കീറിമുറിച്ച് ചെയ്യുന്ന ഓപ്പറേഷനുകള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നതാണ് ആശ്വാസം. എന്നാല്‍ ആശ്വാസം നല്‍കേണ്ടതിന് പകരം സര്‍ജറികള്‍ ആശങ്കയായി മാറുന്ന കാഴ്ചയാണ് എന്‍എച്ച്എസിലുള്ളത്. ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന പിശകുകള്‍ മൂലം അംഗഭംഗം സംഭവിക്കുന്നത്. അവയവങ്ങള്‍ മാറി മുറിച്ച് നീക്കുന്നതും, സര്‍ജറിക്കിടയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ശരീരത്തിന് അകത്തായി പോകുന്നത് ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നു. 2015 മുതല്‍ 2023 വരെ ജീവന്‍ അപകടത്തിലാക്കുന്ന ഏകദേശം 3684 കേസുകളാണ് ഡോക്ടര്‍മാര്‍ നടത്തിയതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ പറയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഏറ്റവും സാധാരണവും, ഗുരുതരമായ പിശകുകളുടെ എണ്ണം 1500 ആണ്. തെറ്റായ ഭാഗത്ത് ഓപ്പറേഷന്‍ നടത്തിയതാണ് ഇതിലെ വീഴ്ച.
ഒരു സ്ത്രീയുടെ അപ്പെന്‍ഡിക്സിന് പകരം പ്രത്യുല്‍പാദന സിസ്റ്റത്തിന്റെ ഭാഗമായ ഫലോപിയന്‍ ട്യൂബുകളാണ് നീക്കം ചെയ്തത്. മറ്റ് ചില രോഗികളുടെ വിരലുകള്‍ മാറി മുറിച്ചുനീക്കിയതും, തെറ്റായ കണ്ണില്‍ ഇഞ്ചക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെ പ്രശ്നങ്ങളും നേരിടുന്നുണ്ട്. കോട്ടണ്‍ വൂള്‍ ബോളുകള്‍, ക്ലാംപ്, സര്‍ജിക്കല്‍ ഗ്ലൗസ്, സൂചികള്‍ എന്നിവ ഓപ്പറേഷനിടെ രോഗികളുടെ ഉള്ളില്‍ വെച്ച് കെട്ടിപ്പൂട്ടുന്നതും പതിവ് സംഭവങ്ങളാണെന്ന് ആക്സിഡന്റ് കോമ്പന്‍സേഷന്‍ സ്ഥാപനം വ്യക്തമാക്കി. ചില ഗുരുതര വീഴ്ചകളില്‍ രോഗികള്‍ക്ക് രക്തഗ്രൂപ്പ് മാറി അവയവം പിടിപ്പിക്കുകയും, രക്തം മാറ്റുകയും ചെയ്തിട്ടുണ്ട്. ബാധിക്കപ്പെട്ട രോഗികളില്‍ നല്ലൊരു ശതമാനത്തിനും പിശക് ശരിപ്പെടുത്താന്‍ കൂടുതല്‍ സര്‍ജറികള്‍ക്ക് വിധേയമാകേണ്ടി വരികയും, ആശുപത്രി വാസം നീളുകയും ചെയ്യുകയാണ്.