ലണ്ടന്‍: രാജ്യത്തെ നയിക്കാന്‍ പറ്റിയ നേതാവ് ആര്? ഈ ചോദ്യത്തിനുള്ള ഉത്തരം തങ്ങളാണെന്ന് പല നേതാക്കളും രഹസ്യമായും, പരസ്യമായും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കേണ്ട ജനങ്ങളില്‍ കാല്‍ശതമാനം പേരും അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്നതാണ് നിലവിലെ സര്‍വ്വെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനാകിന് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് കാല്‍ശതമാനം വോട്ടര്‍മാരും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍വ്വെ സ്ഥിരീകരിച്ചത്. വിവിധ പോളുകളില്‍ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി മുന്നേറ്റം നടത്തുന്നതിനിടെയാണ് വലിയൊരു ശതമാനം ജനങ്ങള്‍ ഇപ്പോഴും ആരെ പിന്തുണയ്ക്കണമെന്ന് ഉറപ്പിട്ടില്ലെന്ന് വ്യക്തമാകുന്നത്.
632 മണ്ഡലങ്ങളില്‍ 390 ഇടങ്ങളില്‍ സുനാകിനെ എതിരാളി സ്റ്റാര്‍മര്‍ തോല്‍പ്പിക്കുമെന്ന സര്‍വ്വെ ഫലവും ടോറികള്‍ക്ക് ആശ്വാസകരമാകില്ല. 29 ഇടങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രി മുന്നിലുള്ളത്. ലേബറിന് പിന്തുണ നല്‍കി രാജ്യം നടത്തിയ സാമ്പത്തിക തിരിച്ചുവരവ് കളഞ്ഞുകുളിക്കരുതെന്ന് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സുനാക് പര്യടനം ആരംഭിക്കാന്‍ ഇരിക്കുകയാണ്. കീര്‍ സ്റ്റാര്‍മറുടെ ഗ്രീന്‍ നയങ്ങള്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2200 പൗണ്ടിന്റെ നികുതിഭാരം സമ്മാനിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹോള്‍ഡെനും മുന്നറിയിപ്പ് നല്‍കി. ബെസ്റ്റ് ഓഫ് ബ്രിട്ടന് വേണ്ടി ഫോക്കല്‍ഡാറ്റ നടത്തിയ സീറ്റ് തോറുമുള്ള അന്വേഷണത്തിലാണ് 29 ശതമാനം ജനങ്ങളും തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. എന്നിരുന്നാലും 32 ശതമാനം പേര്‍ സ്റ്റാര്‍മറിനും, 22 ശതമാനം സുനാകിനെയും അനുകൂലിക്കുന്നുണ്ട്. 238 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് മനസ്സ് ഉറപ്പിക്കാന്‍ ബാക്കിയുള്ളത്. ഇത് ടോറികള്‍ക്കും, സുനാകിനും പ്രതീക്ഷയേകുന്നു.