ലണ്ടന്‍: ഇംഗ്ലണ്ടിലെ ജിപിമാരുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യുന്ന യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്നില്‍ രണ്ട് വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍. ജനസംഖ്യയെ മറികടന്ന് ജിപി പ്രാക്ടീസുകളില്‍ കൂടുതല്‍ രോഗികള്‍ രജിസ്ട്രേഷന്‍ നേടുന്നതിനെ 'ഗോസ്റ്റ് പേഷ്യന്റ്സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. പട്ടികയിലുള്ള രോഗികളുടെ എണ്ണം അനുസരിച്ചാണ് ജിപിമാര്‍ക്ക് പണം ലഭിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഈ രോഗികളുടെ പേരില്‍ പ്രാക്ടീസുകള്‍ക്ക് മില്ല്യണ്‍ കണക്കിന് പൗണ്ട് അധികം ലഭിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 1 വരെയുള്ള കണക്കുകളില്‍ ഇംഗ്ലണ്ടിലെ ജിപി പ്രാക്ടീസുകളില്‍ 62.9 മില്ല്യണ്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി എന്‍എച്ച്എസ് ഡിജിറ്റല്‍ കണക്കുകള്‍ പരിശോധിച്ച് പിഎ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
എന്നാല്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ജനസംഖ്യ 57.1 മില്ല്യണ്‍ മാത്രമാണ്. ഇതോടെ സര്‍ജറികളില്‍ 5.8 മില്ല്യണ്‍ രോഗികളാണ് 'പ്രേതങ്ങളായി' മാറുന്നത്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്കില്‍ 61% വളര്‍ച്ചയാണുള്ളത്. 2018-ല്‍ 3.6 മില്ല്യണ്‍ ഗോസ്റ്റ് രോഗികളാണ് ഉണ്ടായിരുന്നത്. 2022-23 വര്‍ഷത്തില്‍ ഓരോ രജിസ്റ്റേഡ് രോഗിക്കും ജിപി സര്‍ജറികള്‍ക്ക് ലഭിക്കുന്നത് ശരാശരി 164.64 പൗണ്ട് വീതമാണ്. ഇത് കണക്കാക്കിയാല്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത രോഗികളുടെ പേരില്‍ പ്രാക്ടീസുകള്‍ക്ക് ലഭിച്ചത് 955 മില്ല്യണ്‍ പൗണ്ടോളമാണ്. രോഗികളുടെ പട്ടിക അപ്ഡേറ്റ് ചെയ്ത് വെയ്ക്കാന്‍ പരിശ്രമിക്കാറുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിസ് പറഞ്ഞു. അല്ലാത്ത രോഗികളുടെ പേരില്‍ മനഃപ്പൂര്‍വ്വം ലാഭം ഉണ്ടാക്കാന്‍ നോക്കുന്നില്ലെന്നാണ് ഇവരുടെ വാദം.