ലണ്ടന്‍: രോഗികളില്‍ നിന്നും ഞെട്ടിക്കുന്ന തോതില്‍ അതിക്രമങ്ങള്‍ക്ക് ഇരകളായി നഴ്സുമാര്‍. സീനിയര്‍ നഴ്സിംഗ് നേതാവാണ് രോഗകളില്‍ നിന്നും നഴ്സുമാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതായി മുന്നറിയിപ്പ് നല്‍കുന്നത്. എന്‍എച്ച്എസിലെ പ്രതിസന്ധിയാണ് രോഗികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന് വഴിയൊരുക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് പ്രൊഫ. നിക്കോള റേഞ്ചര്‍ പറയുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ചികിത്സ ലഭിക്കുന്നതിലെ കാലതാമസം വന്‍തോതില്‍ രോഗികളെ രോഷാകുലരാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ ഈ സ്ഥിതിഗതികള്‍ നഴ്സുമാരെ എന്‍എച്ച്എസ് വിട്ടുപോകാന്‍ സംഭാവന ചെയ്യുന്നതായി റേഞ്ചര്‍ പറഞ്ഞു. ജീവനക്കാരുടെ ക്ഷാമവും, ഉയരുന്ന അതിക്രമങ്ങളുടെയും പരമ്പരയ്ക്കിടെയാണ് ഈ അവസ്ഥ ദുരിതം വര്‍ദ്ധിപ്പിക്കുന്നത്.
ഈ വിധത്തില്‍ പലായനം നടക്കുമ്പോള്‍ സഹജീവനക്കാരെ സുരക്ഷിതരാക്കി വെയ്ക്കാനുള്ള തോതിലുള്ള നഴ്സുമാര്‍ പോലും ഉണ്ടാകാറില്ലെന്ന് നിക്കോള റേഞ്ചര്‍ വ്യക്തമാക്കി. നഴ്സുമാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊഴില്‍സാഹചര്യങ്ങള്‍ മോശമാകുന്നത് പ്രൊഫഷണില്‍ പ്രതീക്ഷ നഷ്ടമാക്കുകയാണ്, റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.
'നഴ്സിംഗ് ജീവനക്കാര്‍ക്ക് എതിരായി നടക്കുന്ന അക്രമങ്ങള്‍ പതിവായി അരങ്ങേറുന്നതിന്റെ വിവരങ്ങള്‍ മനസ്സിലാക്കിയാല്‍ പൊതുജനവും ഞെട്ടും. ജോലി ചെയ്യുന്ന സ്ഥലത്ത് അക്രമവും, ഇടിയും നേരിടുകയാണ്. രോഗികള്‍ ഷിഫ്റ്റിനിടെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. യുകെയില്‍ നഴ്സിംഗ് പ്രതിസന്ധിയുണ്ട്. ഇത് ഗവണ്‍മെന്റ് അംഗീകരിക്കുന്നതായി തോന്നുന്നില്ല. ഇതോടെ പല നഴ്സുമാരും പരിപാടി അവസാനിപ്പിക്കുകയാണ്', പ്രൊഫ. നിക്കോള റേഞ്ചര്‍ പറയുന്നു. ആര്‍സിഎന്‍ കണക്കുകള്‍ പ്രകാരം നഴ്സിംഗ് ജീവനക്കാര്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലൈംഗിക അതിക്രമങ്ങളില്‍ 21% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആര്‍സിഎന്‍ വ്യക്തമാക്കുന്നു.