ലണ്ടന്‍: ബുധനാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ ആശങ്ക അറിയിച്ച് എന്‍എച്ച്എസ് മേധാവികള്‍. വിന്റര്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാലും ഡോക്ടര്‍മാര്‍ സമരങ്ങള്‍ നിര്‍ത്തിവെച്ച് സേവനത്തില്‍ മടങ്ങിയെത്താന്‍ തയ്യാറാകില്ലെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബിഎംഎയുമായി ഇക്കാര്യത്തില്‍ കരാറുണ്ടെങ്കിലും ഇത് പാലിക്കപ്പെടില്ലെന്നാണ് ആരോപണം. ജനുവരി 3 മുതല്‍ 9 വരെ നീളുന്ന എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ പണിമുടക്ക് ആശുപത്രികള്‍ക്ക് സാരമായ ആഘാതം സൃഷ്ടിക്കും. നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണമേറുന്നതും, ജീവനക്കാരുടെ ലഭ്യത കുറയുകയും ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഭീതി.
സമരങ്ങള്‍ക്കിടെ അടിയന്തര സാഹചര്യം ഉയര്‍ന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ സഹായത്തിനായി വിട്ടുനല്‍കണമെന്ന് ആശുപത്രി മേധാവികള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് ആവശ്യപ്പെടാം. എന്നാല്‍ ഡോക്ടര്‍മാരുടെ യൂണിയന് ഈ അപേക്ഷ നിരസിക്കാനുള്ള അവകാശമുണ്ട്. അല്ലെങ്കില്‍ ഇതിനോട് പ്രതികരിക്കാന്‍ സമയം കൂടുതല്‍ എടുത്ത് ബുദ്ധിമുട്ടിക്കാനും കഴിയും. ഫ്ളൂവും, കോവിഡും, നോറോവൈറസും ഉള്‍പ്പെടെ കേസുകള്‍ വര്‍ദ്ധിച്ചത് പുതുവര്‍ഷത്തില്‍ ആശുപത്രികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. വിന്റര്‍ പ്രതിസന്ധി രൂക്ഷമാകുന്ന സമയം കൂടിയാണിത്. അത്യാവശ്യ സാഹചര്യം വന്നാല്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ സേവനത്തിനായി അയയ്ക്കാന്‍ ബിഎംഎയ്ക്ക് സാധിക്കും. എന്നാല്‍ വിന്റര്‍ സമ്മര്‍ദങ്ങള്‍ മൂലം പ്രതിസന്ധിയിലായാല്‍ ഇതിനെ ഗുരുതര സംഭവമായി കണക്കാക്കുമോയെന്നതാണ് പ്രധാന ചോദ്യം.