ലണ്ടന്‍: പാസ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കാതെ ഹോം ഓഫീസിന്റെ പുതിയ പദ്ധതി. യുകെയില്‍ എത്തുന്നവരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹോം ഓഫീസിന്റെ പുതിയ പദ്ധതികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ പുതിയ ഹൈടെക് ഇ-ഗേറ്റുകള്‍ ഘടിപ്പിക്കും. ഇത് ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് യാത്രക്കാരെ തീരിച്ചറിയും. പുതിയ സാങ്കേതികവിദ്യ ബ്രിട്ടനെ ദുബായ് വിമാനത്താവളത്തിന്റെ നിലവാരത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം തന്നെ പുതിയ ഇ-ഗേറ്റുകളുടെ പരീക്ഷണം ആരംഭിക്കും. നിലവില്‍ രാജ്യത്ത് ഉള്ളതിനേക്കാള്‍ സുഗമമായ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉള്ള ഒരു ഇന്റലിജന്റ് ബോര്‍ഡര്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് യുകെ ബോര്‍ഡര്‍ ഫോഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ ഫില്‍ ഡഗ്ലസ് പറഞ്ഞു.
വിസ ആവശ്യമില്ലാത്ത വിദേശികള്‍ക്ക് യുകെയിലേക്ക് പ്രവേശിക്കാന്‍ ഇതിനോടകം തന്നെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി യാത്രക്കാര്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും അവരുടെ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയും ഫോട്ടോ നല്‍കുകയും വേണം. ETA അനുവദിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ യുകെയിലേക്ക് ഫ്‌ലൈറ്റുകളില്‍ കയറാന്‍ കഴിയൂ. നിലവില്‍ ഖത്തറില്‍ നിന്നുള്ളവര്‍ ഈ മാര്‍ഗ്ഗമാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയോടെ ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇത് ബാധകമാകും. യൂറോപ്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ കുറച്ച് നാളത്തേക്കായി യുകെയില്‍ എത്തുന്ന യാത്രക്കാര്‍ക്കും ETA നടപ്പിലാക്കാന്‍ ഹോം ഓഫീസ് ശ്രമിക്കുന്നുണ്ട്