ലണ്ടന്‍: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആറ് ദിവസം നീളുന്ന പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. ജനുവരി 3 രാവിലെ 7 മുതല്‍ ജനുവരി 9 രാവിലെ ഏഴ് വരെയാണ് എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ നീളുക. ഇതിന്റെ പ്രത്യാഘാതം ഹെല്‍ത്ത്കെയര്‍ സേവനങ്ങളില്‍ പ്രതിഫലിക്കുകയും, രോഗികള്‍ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യും. ഒരു പുതിയ വര്‍ഷത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തുടക്കമാണ് എന്‍എച്ച്എസിന് നേരിടേണ്ടി വരുകയെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവുമാര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പേ ഓഫര്‍ പര്യാപ്തമല്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. അതേസമയം 35% ശമ്പളവര്‍ദ്ധനയെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാരും തിരിച്ചടിക്കുന്നു.
ഒരു വര്‍ഷം മുതല്‍ ഒന്‍പത് വര്‍ഷം വരെ സേവനപരിചയമുള്ള മെഡിക്കല്‍ സ്‌കൂള്‍ ഗ്രാജുവേറ്റുകളാണ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന ഗണത്തില്‍ വരുന്നത്. സമ്മറില്‍ 8.8% ശമ്പളവര്‍ദ്ധനവാണ് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തത്, ഇതിന് ശേഷമുണ്ടായ ചര്‍ച്ചകളില്‍ 3% അധികം ഇതില്‍ കൂട്ടിച്ചേര്‍ക്കാനും തയ്യാറായി. എന്നാല്‍ 2008 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നേരിടുന്ന റിയല്‍-ടേം പേ കട്ട് പരിഗണിച്ചാല്‍ ഇത് മതിയാകില്ലെന്ന് വ്യക്തമാക്കിയാണ് ബിഎംഎ സമരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 20 മുതല്‍ 23 വരെ മൂന്ന് ദിവസം പണിമുടക്കിയ ശേഷമാണ് പുതുവര്‍ഷത്തിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി മുടക്കുന്നത്. ഇതോടെ ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേവലം നാല് ദിവസമാണ് യഥാര്‍ത്ഥ പ്രവൃത്തിദിനമായി അവശേഷിക്കുന്നത്. പണിമുടക്കുകള്‍ മൂലം റീഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്മെന്റുകളുടെ എണ്ണം ഇതോടെ ഒരു മില്ല്യണ്‍ കടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.