ലണ്ടന്‍: 94 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന ഹെങ്ക് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബ്രിട്ടന്‍. മരങ്ങള്‍ കടപുഴകുകയും, മേല്‍ക്കൂരയിലെ സ്‌കാഫോള്‍ഡിംഗുകള്‍ പറന്നുപോകുകയും ചെയ്തു. ഗ്ലോസ്റ്ററില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഹെങ്ക് കനത്ത നാശം വിതച്ചപ്പോള്‍ സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലും അതിശക്തമായ കാറ്റ് പ്രഭാവം സൃഷ്ടിച്ചു. ഐല്‍ ഓഫ് വൈറ്റില്‍ 94 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. ഹേസ്റ്റിംഗ്സില്‍ മരങ്ങള്‍ മറിഞ്ഞ് റെയില്‍ ലൈനുകള്‍ തകരാറിലായതോടെ സാരമായ തടസ്സങ്ങള്‍ രൂപപ്പെട്ടു. എക്സ്റ്റര്‍ എയര്‍പോര്‍ട്ടില്‍ 81 എംപിഎച്ച് കാറ്റ് വീശിയപ്പോള്‍, ഡോര്‍സെറ്റിലെ ഐല്‍ ഓഫ് പോര്‍ട്ട്ലാന്‍ഡില്‍ 71 എംപിഎച്ച് വേഗത്തിലും കാറ്റെത്തി.
തെയിംസ്ലിങ്ക്, സൗത്ത് വെസ്റ്റേണ്‍ റെയില്‍വെ, സതേണ്‍ റെയില്‍വെ എന്നിവിടങ്ങളില്‍ യാത്രക്കാരോട് അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം. ഹീത്രൂവില്‍ കനത്ത കാറ്റില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇറങ്ങാനൊരുങ്ങിയ വിമാനങ്ങള്‍ വീണ്ടും പറത്തേണ്ട അവസ്ഥ പോലും നേരിട്ടു. രാജ്യത്ത് ഇപ്പോള്‍ 292 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. സതേണ്‍, സെന്‍ഡ്രല്‍ ഇംഗ്ലണ്ടിലായി 368 വെള്ളപ്പൊക്ക അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ശക്തമായ മഴയില്‍ യോര്‍ക്കിലെ ഔസ് നദി കരകവിഞ്ഞു. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രതയോടെ യാത്ര ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 38,000 വീടുകളില്‍ വൈദ്യുതി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനര്‍ജി നെറ്റ്വര്‍ക്ക്സ് അസോസിയേഷന്‍ വ്യക്തമാക്കി.