Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
reporter

ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ മോര്‍ട്ട്ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍. 'മോര്‍ട്ട്ഗേജ് നിരക്ക് യുദ്ധം' ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ദാതാക്കളില്‍ ഒരാളായ ഹാലിഫാക്സ് അടക്കമുള്ള ചില ബാങ്കുകള്‍. മോര്‍ട്ട്‌ഗേജ് നിരക്കില്‍ 0.92% കുറവാണ് ഹാലിഫാക്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. 25 വര്‍ഷത്തെ തിരിച്ചടവ് ശേഷിക്കുന്ന 300,000 പൗണ്ടിന് പ്രതിമാസം 162 പൗണ്ടു വരെ കുറവാണ് ഇതിലൂടെ ലഭിക്കുന്നത്. ഹാലിഫാക്സിനു പിന്നാലെ ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റിയും നിരക്കുകള്‍ കുറച്ചു. 0.49 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. മാത്രമല്ല, രണ്ട് വര്‍ഷത്തെ ഫിക്സ് റേറ്റ് 4.60 ശതമാനമായും വാഗ്ദാനം ചെയ്യുന്നു. അതേസമയം, കെന്‍സിംഗ്ടണ്‍ പോലെയുള്ള മറ്റ് വായ്പാ ദാതാക്കള്‍ വില കുറഞ്ഞ വായ്പകള്‍ പുനരാരംഭിക്കുവാന്‍ ലക്ഷ്യമിട്ട് നിരക്കുകള്‍ പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 'സീസ്മിക് നീക്കങ്ങള്‍' പ്രതീക്ഷിക്കാവുന്ന അഭൂത പൂര്‍വ്വമായ നിരക്ക് യുദ്ധമാണ് 2024ല്‍ കാത്തിരിക്കുന്നത് എന്നാണ് മോര്‍ട്ട്ഗേജ് ബ്രോക്കറായ റണാള്‍ഡ് മിച്ചല്‍ പറയുന്നത്. നെറ്റ് മോര്‍ട്ട്ഗേജ് വായ്പ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിനാല്‍, പുതിയ ബിസിനസ്സ് നേടുന്നതിനും നിലവിലുള്ള ഉപഭോക്താക്കളുടെ സുരക്ഷിതമായി നിലനിര്‍ത്താനും ബാങ്കുകള്‍ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെയിലുടനീളമുള്ള മൊത്ത മോര്‍ട്ട്ഗേജ് വായ്പയില്‍ 28 ശതമാനമാണ് കഴിഞ്ഞ വര്‍ഷം കുറഞ്ഞത്. ബാങ്കിംഗ് ട്രേഡ് ബോഡിയായ യുകെ ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം അഞ്ചു ശതമാനം കുറയുമെന്നാണ് വിവരം. 2025ലും വായ്പാ പ്രവര്‍ത്തനങ്ങളില്‍ 'മിതമായ വര്‍ദ്ധനവ്' മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് യുകെ ഫിനാന്‍സ് അനലിറ്റിക്‌സ് മേധാവി ജെയിംസ് ടാച്ച് പറഞ്ഞിരിക്കുന്നത്. നിലവില്‍, ജനറേഷന്‍ ഹോം എന്ന ചെറിയ ഫിന്‍ടെക് ലെന്‍ഡര്‍ വെറും നാലു ശതമാനത്തിലാണ് അഞ്ച് വര്‍ഷത്തെ മികച്ച ഡീല്‍ വാഗ്ദാനം ചെയ്യുന്നത്. മണിഫാക്ട്‌സ് പറയുന്നതനുസരിച്ച്, മറ്റ് വായ്പക്കാരൊന്നും ഇതുവരെ മൂന്നില്‍ ആരംഭിക്കുന്ന മോര്‍ട്ട്‌ഗേജ് ഡീല്‍ പോലും ആരംഭിച്ചിട്ടില്ല.

സാധാരണയായി ചെറുകിട വായ്പക്കാര്‍ മികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നതായി ബ്രോക്കറേജ് ഡേവിഡ്സണ്‍ ഡീമിന്റെ പീറ്റര്‍ സ്റ്റോക്സ് പറഞ്ഞു. ക്രിസ്മസ് അടക്കമുള്ള ഒരുപാട് അവധി ദിവസങ്ങള്‍ക്കു ശേഷം എല്ലാവരും തിരിച്ചെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ നിരക്കിളവുകള്‍ പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസത്തെ മീറ്റിംഗില്‍ ബാങ്ക് നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ നിലനിര്‍ത്താനാണ് ബാങ്കിന്റെ മോണിറ്ററി പോളിസി അംഗങ്ങള്‍ ഏതാനും തവണകളായി തീരുമാനിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏറെ വൈകിപ്പോയെന്ന് വിമര്‍ശനം കേട്ടിരുന്നു. 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളാണ് യുകെ നേരിടുന്നത്. ജി7 ധനിക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലാണ്. പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമായതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനും, നികുതി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനുമുള്ള മുറവിളി തുടങ്ങി.

 
Other News in this category

 
 




 
Close Window