ലണ്ടന്‍: കാനഡ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി പോകുന്ന രാജ്യമാണ് യുകെ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ 54% വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയത്. ആഗോളതലത്തില്‍ തന്നെയുള്ള മികച്ച സര്‍വ്വകലാശാലകള്‍ മാത്രമല്ല, മികച്ച പഠനാന്തരീക്ഷവും ഇവിടേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു, ഒപ്പം മികച്ച ജോലി സാധ്യതകളും. എന്നാല്‍ ഇന്ത്യയില്‍ നിന്നും വലിയ പ്രതീക്ഷകളുമായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പൂര്‍ത്തിയാക്കിയാല്‍ യുകെയില്‍ മികച്ച ജോലി ലഭിക്കുന്നുണ്ടോ? പ്രതീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പരിതപിപ്പിക്കുന്നത്.
ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ട് കൂടി ജോലി കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. 300 ഓളം ജോലികള്‍ക്ക് അപേക്ഷിച്ചിട്ട് പോലും യുകെയില്‍ തങ്ങള്‍ പ്രതീക്ഷിച്ച മികച്ചൊരു ജോലി സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്ത്യയില്‍ നിന്നുള്ളൊരു വിദ്യാര്‍ത്ഥിനി വ്യക്തമാക്കിയത്. യുകെയിലെ സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയെ ബാധിച്ചുതൊഴില്‍ വിപണിയില്‍ കടുത്ത മാന്ദ്യമാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും നിയമനങ്ങളും ജോലി ഒഴിവുകളിലും വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും 2023 സപ്റ്റംബറിലെ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിസംബറിലും ഈ സ്ഥതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022-ന്റെ തുടക്കത്തില്‍ റെക്കോഡ് ജോലി ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.3 ദശലക്ഷത്തിലായിരുന്നു കണക്കുകള്‍. എന്നാല്‍ അതിനുശേഷം കണക്കുകള്‍ ക്രമാനുഗതമായി കുറഞ്ഞു. ചെലവുകള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയവയെല്ലാം തൊഴില്‍ വിപണിയെ സാരമായി ബാധിച്ചു.സ്‌പോണ്‍സര്‍ വിസ നല്‍കാന്‍ മടിച്ച് തൊഴിലുടമകള്‍ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് യുകെയില്‍ ജോലി ലഭിക്കണമെങ്കില്‍ എംപ്ലോയര്‍ സ്‌പോണ്‍സര്‍ വിസ അനുവദിക്കേണ്ടതുണ്ട്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നേരിടുന്ന സങ്കീര്‍ണതകള്‍ കാരണം പലപ്പോഴും സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍ ഉടമകള്‍ താത്പര്യം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'18 മാസത്തെ കോഴ്‌സിനാണ് ഞാന്‍ ഇവിടെ എത്തിയത്. 6 മാസത്തെ വിസ എക്സ്റ്റന്‍ഷനും ലഭിച്ചു. 200-ലധികം ജോലികള്‍ക്ക് അപേക്ഷിച്ചെങ്കിലും സാധാരണ ഓട്ടോമേറ്റഡ് മറുപടിയില്‍ കൂടുതലൊന്നും ലഭിച്ചില്ല. എന്റെ പ്രശ്‌നമാണോയെന്ന ആശങ്കയിലായിരുന്നു. എന്നെ ഈ ചിന്ത അമിതമായി ബാധിച്ചു. ഒരു എച്ച് ആര്‍ സുഹൃത്ത് അറിയിച്ചത് സ്‌പോണ്‍സര്‍ വിസ നല്‍കേണ്ടവര്‍ക്ക് കമ്പനികള്‍ നിയമനങ്ങള്‍ നല്‍കാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ്', വിദ്യാര്‍ത്ഥിയായ സിദ്ധി ഡോളാസ് പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മാറുമെന്നും തങ്ങള്‍ സ്വപ്നം കണ്ട ജീവിതം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍.