ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ തുടര്‍ന്ന് കിഡ്നി ട്രാന്‍സ്പ്ലാന്റ് രോഗികളുടെയും, ഹൃദ്രോഗികളുടെയും അപ്പോയിന്റ്മെന്റുകള്‍ റദ്ദാകുന്നത് വിനാശകരമായി മാറുമെന്ന് ആശങ്ക. കിഡ്നി ദാനം ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും, അത് സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വലിയ തിരിച്ചടിയാണ് സമരങ്ങള്‍ നല്‍കുന്നത്. നെഞ്ചുവേദന എടുത്ത് ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് 15 മാസത്തെ കാത്തിരിപ്പാണ് എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകള്‍ നല്‍കുന്നതെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തര റഫറല്‍ അപ്പോയിന്റ്മെന്റ് പോലും ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഇത്തരത്തില്‍ കാത്തിരുന്ന് ലഭിച്ച അപ്പോയിന്റ്മെന്റുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ തുടര്‍ന്ന് വീണ്ടും മാറ്റിവെയ്ക്കുന്നത്. ചര്‍ച്ചകളില്‍ മടങ്ങിയെത്താന്‍ മന്ത്രിമാര്‍ യൂണിയന്‍ മേധാവികളോട് അപേക്ഷിച്ചിട്ടുണ്ട്.
രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. ഈ സമരം തികച്ചും ക്രൂരമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി 35 ശതമാനം ശമ്പളവര്‍ദ്ധന വേണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സമ്പൂര്‍ണ്ണ വര്‍ദ്ധന ലഭ്യമാക്കുന്നത് വരെ പിന്‍വാങ്ങില്ലെന്നാണ് ഒടുവിലത്തെ ഭീഷണി. എന്നാല്‍ ഇതിലും കുറഞ്ഞ തുകയ്ക്ക് ബിഎംഎ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷ. നിലവിലെ എന്‍എച്ച്എസ് സമരങ്ങളുടെ ആഘാതം ആഴ്ചകളും, മാസങ്ങളും നീണ്ടുനില്‍ക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.