ലണ്ടന്‍: ഹെന്‍ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ നൂറുകണക്കിന് വീടുകള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു. സ്‌കൂളുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. പലഭാഗത്തും ഡ്രൈവര്‍മാര്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. ഏകദേശം 750 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സറേയിലും, ബെര്‍ക്ഷയറിലും തെയിംസ് വാട്ടറിന്റെ മലിനജലം നടപ്പാതയെ മുക്കി. വോര്‍സ്റ്റര്‍ഷയറില്‍ തെയിംസ് നദി കരകവിഞ്ഞതോടെ ലിന്‍ഡ്രിഡ്ജിന് സമീപം 4 അടിയോളം ഉയര്‍ന്ന വെള്ളത്തില്‍ നിരവധി വാഹനങ്ങള്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയും പുറത്തുവന്നിട്ടുണ്ട്. ഒരു കാര്‍ വെള്ളക്കെത്തില്‍ പെട്ടെങ്കിലും ഇത് ശ്രദ്ധിക്കാതെ മറ്റ് വാഹനങ്ങളും ഉയര്‍ന്ന ജലം മറികടക്കാന്‍ ശ്രമിച്ചതോടെയാണ് ഇവരെ ഫയര്‍ഫൈറ്റര്‍മാര്‍ എത്തി രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടത്. സെവേണ്‍ സ്ട്രോക്ക് ഗ്രാമം വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
ഇന്നലെ അതിശക്തമായ കാറ്റ് 94 എംപിഎച്ച് വരെ വേഗത കൈവരിച്ചു. ഇതിനിടെ ഉച്ചയ്ക്ക് 12 മുതല്‍ വെള്ളിയാഴ്ച രാവിലെ 3 വരെ സതേണ്‍ ഇംഗ്ലണ്ടില്‍ മഴ മൂലമുള്ള മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. 2 ഇഞ്ച് വരെ മഴയ്ക്കാണ് സാധ്യത. ഇംഗ്ലണ്ടിലെ പല പ്രധാന റോഡുകളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചു. മോശം കാലാവസ്ഥയില്‍ റെയില്‍ ശൃംഖല സാരമായി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. തെയിംസ് ലിങ്ക്, ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വെ, ഗ്രേറ്റര്‍ ആംഗ്ലിയ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വെ എന്നിവരാണ് പ്രധാനമായും ആഘാതം നേരിട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചില സ്‌കൂളുകള്‍ അടച്ചിട്ടു. ഹെറെഫോര്‍ഡ്ഷയറിലെ വെസ്റ്റ്ഫീല്‍ഡ് സ്‌കൂള്‍, റുട്ലാന്‍ഡ് ബ്രൂക് ഹില്‍ അക്കാഡമി എന്നീ സ്‌കൂളുകളാണ് അടയ്ക്കാന്‍ നിര്‍ബന്ധിതമായത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് 135,000 വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായെന്ന് എനര്‍ജി നെറ്റ്വര്‍ക്ക്സ് അസോസിയേഷന്‍ പറഞ്ഞു.