ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടേത് മാത്രമല്ലെന്ന് ഓര്‍മ്മിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി. ഇവര്‍ക്ക് തോന്നുന്ന രീതിയില്‍ ഓഫും, ഓണുമാക്കാന്‍ പറ്റില്ലെന്നും വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് പോകുമ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള രോഷം പ്രകടമാക്കിയാണ് ബിഎംഎയ്ക്ക് എതിരെ ആറ്റ്കിന്‍സ് രംഗത്ത് വന്നത്. ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ആറ് ദിവസത്തെ പണിമുടക്ക് രണ്ടാം ദിനം കടന്നപ്പോള്‍ തന്നെ ആശുപത്രികള്‍ സമ്മര്‍ദത്തില്‍ വിയര്‍ക്കുകയാണ്. പിക്കറ്റ് ലൈനുകള്‍ വിട്ടിറങ്ങി രോഗികള്‍ക്കായി തിരിച്ചുവരാന്‍ ഇംഗ്ലണ്ടിലെ നിരവധി ആശുപത്രികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതെല്ലാം ബിഎംഎ തള്ളി. ഈ അപേക്ഷകള്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നാണ് ബിഎംഎയുടെ ആരോപണം.
സമരങ്ങള്‍ പിന്‍വലിച്ചാല്‍ 20 മിനിറ്റില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് ആറ്റ്കിന്‍സ് ആവര്‍ത്തിക്കുന്നു. ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമരം പിന്‍വലിക്കേണ്ടതുണ്ട്. 'എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ കമ്മറ്റിയുടേത് മാത്രമല്ല. അത് എന്‍എച്ച്എസിനായി ജോലി ചെയ്യുന്ന 1.3 മില്ല്യണ്‍ ആളുകളുടേത് കൂടിയാണ്, അത് പരിപാലിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടേതുമാണ്. എന്‍എച്ച്എസ് തോന്നും പോലെ ഓണും, ഓഫും ആക്കാന്‍ പറ്റില്ല', ആറ്റ്കിന്‍സ് വ്യക്തമാക്കി. ഇതിനിടെ കോവിഡും, ഫ്ളൂവും, നോറോവൈറസ് കേസുകളും മറുഭാഗത്ത് ആഞ്ഞടിക്കുകയാണ്. യുകെയിലെ കോവിഡ്, ഫ്ളൂ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ഈ വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിചേര്‍ന്നിട്ടുണ്ട്. കൂടാതെ വിന്റര്‍ വൊമിറ്റിംഗ് ബഗ് നോറോവൈറസ് ഈ വര്‍ഷം 49 ശതമാനം കൂടുതലാണെന്നും നിരക്കുകള്‍ വ്യക്തമാക്കുന്നു. വരും ആഴ്ചകളില്‍ പകര്‍ച്ചവ്യാധി കൂടുതലായി ഉയരുമെന്നാണ് ഹെല്‍ത്ത് മേധാവികള്‍ ആശങ്കപ്പെടുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ ഇതിന് വഴിയൊരുക്കും. എന്നാല്‍ രോഗം ബാധിച്ച് എത്തുന്നവരെ ചികിത്സിക്കാന്‍ ആവശ്യത്തിന് ആളില്ലെന്നത് പ്രതിസന്ധിയാകുകയാണ്.