ലണ്ടന്‍: ജീവനക്കാര്‍ക്ക് മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിച്ച് സെയിന്‍സ്ബറീസ്. 200 മില്ല്യണ്‍ പൗണ്ട് നിക്ഷേപിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയിലൂടെ 120,000 ജീവനക്കാര്‍ക്കാണ് ഗുണം ലഭിക്കുക. മാര്‍ച്ച് മുതല്‍ മണിക്കൂര്‍ വേതനം 11 പൗണ്ടില്‍ നിന്നും 12 പൗണ്ടായാണ് ഉയര്‍ത്തുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വ്യക്തമാക്കി. ലണ്ടനില്‍ താരതമ്യേന ഉയര്‍ന്ന ജീവിതച്ചെലവ് ഉള്ളതിനാല്‍ മണിക്കൂറിന് 11.95 പൗണ്ട് എന്നത് 13.15 പൗണ്ടിലേക്കും വര്‍ദ്ധിപ്പിക്കും. 'ജോലി ചെയ്യുന്നതിന് അര്‍ഹമായ പ്രതിഫലം കിട്ടണമെന്ന് ഉറപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈയാഴ്ച 29 മില്ല്യണ്‍ പേര്‍ക്ക് നികുതി കുറച്ചും, നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ റെക്കോര്‍ഡ് നിരക്കില്‍ വര്‍ദ്ധിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്', ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.
രാജ്യത്തെ 120,000 ജീവനക്കാര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് സെയിന്‍സ്ബറീസ് നല്‍കുന്നത് മഹത്തായ സംഭാവനയാണെന്ന് ഹണ്ട് കൂട്ടിച്ചേര്‍ത്തു. നടപടി പ്രാവര്‍ത്തികമാകുന്നതോടെ സെയിന്‍സ്ബറീസ് ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 1910 പൗണ്ടോളം അധികം ലഭിക്കും. ലണ്ടനില്‍ ഇത് 2290 പൗണ്ടായിരിക്കും. ഗവണ്‍മെന്റിന്റെ മിനിമം വേജ് അനുശാസിക്കുന്നതിലും മണിക്കൂറിന് 56 പെന്‍സ് അധികം നല്‍കാനാണ് സെയിന്‍സ്ബറീസ് നീക്കം. ഔദ്യോഗിക നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഇത് നടപ്പാകും. നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ നിലവിലെ 10.42 പൗണ്ടില്‍ നിന്നും 11.44 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക. ആദ്യമായി ഇത് 21, 22 വയസ്സിലുള്ളവര്‍ക്കും ബാധകമാകും. 2018 മുതല്‍ റീട്ടെയില്‍ വമ്പന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയത്. കൂടാതെ ഷിഫ്റ്റില്‍ സൗജന്യ ഭക്ഷണവും, വെള്ളി, ശനി ദിവസങ്ങളില്‍ സെയിന്‍സ്ബറീസ് ജീവനക്കാര്‍ക്ക് 15% ഡിസ്‌കൗണ്ടും, ആര്‍ഗോസ് ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫ് നല്‍കുന്നുണ്ട്.