ലണ്ടന്‍: ഇംഗ്ലണ്ടില്‍ അതിശക്തമായ മഴ വെള്ളിയാഴ്ചയും തുടരും. കോരിച്ചൊരിയുന്ന മഴ തുടര്‍ന്നതോടെ രാജ്യത്തെ നദികളും, കനാലുകളും നിറഞ്ഞുകവിഞ്ഞ് പല ഭാഗത്തും വെള്ളപ്പൊക്കം രൂപപ്പെടുകയാണ്. 297 മുന്നറിയിപ്പുകളാണ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി പട്ടണങ്ങള്‍ പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട നിലയിലാണ്. ഹെന്‍ക് കൊടുങ്കാറ്റ് കൊണ്ടുവന്ന ശക്തമായ മഴയിലാണ് ഇത്. അര്‍ദ്ധരാത്രിയിലും ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മഴ മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മെറ്റ് ഓഫീസ് പുലര്‍ച്ചെ 3 മണിയോടെ 40 എംഎം വരെ വെള്ളം പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 279 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച മിഡ്ലാന്‍ഡ്സില്‍ ഉടനീളം ശക്തമായ വെള്ളപ്പൊക്കം രൂപപ്പെട്ടു. ലണ്ടനിലെ ഹാക്ക്നി വിക്കിലുള്ള കനാലുകള്‍ നിറഞ്ഞുകവിഞ്ഞത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കി. ബ്രെന്റ് ക്രോസിലെ എ41 ഡ്യുവല്‍ കാര്യേജ്വേ വെള്ളക്കെട്ടില്‍ മുങ്ങി. മഴ കുറച്ച് ദിവസം കൂടി നീളുമെങ്കിലും അടുത്ത ആഴ്ച ബ്രിട്ടന്‍ തണുത്ത് വിറങ്ങലിക്കുമെന്നതാണ് അവസ്ഥ. സ്‌കാന്‍ഡിനേവിയന്‍ തണുപ്പാണ് രാജ്യത്തെ താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ത്തുകയും, മഞ്ഞും, ഐസും എത്തിച്ച് തണുത്ത് വിറങ്ങലിക്കാനുള്ള സാധ്യത ഒരുക്കുകയും ചെയ്യുന്നത്. രാജ്യം നേരിടുന്ന വ്യാപക വെള്ളപ്പൊക്കത്തില്‍ നിന്നും തിരിച്ചുവരുന്നതിന് മുന്‍പായി തണുപ്പ് പിടികൂടുമെന്നത് ആശങ്കയായി മാറുന്നുണ്ട്. രാജ്യത്തെ റെയില്‍, ട്രാന്‍സ്പോര്‍ട്ട് സേവനങ്ങളെ മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.