Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നാലു വര്‍ഷ ബിരുദം: അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
reporter

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തല്‍സ്ഥിതി നിലനിര്‍ത്തി തുടരാനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മേജര്‍, മൈനര്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി. നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവമായി' സംസ്ഥാനത്തെ ക്യാമ്പസുകള്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലര്‍ത്തുന്ന കേരളത്തിലെ നാലുവര്‍ഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവര്‍ഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടര്‍ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്. സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം.

 
Other News in this category

 
 




 
Close Window