Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വില്‍പ്പന കരാര്‍ ലംഘിച്ചു, ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രമവിക്രയം തടഞ്ഞ് കോടതി
reporter

 തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഉമര്‍ ഷരീഫിന്റെ പരാതിയിലാണ് കോടതി നടപടി. അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് നല്‍കിയ ശേഷം കരാറുകാരന്‍ സ്ഥലത്ത് മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറഞ്ഞു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. ഇടപാടില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.

ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നെന്ന് ഉമര്‍ ഷരീഫ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെട്ടു. പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു. 2023 ജൂണ്‍ 23ന് കരാര്‍ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തില്‍ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഡിജിപിയുടെ ചേമ്പറില്‍ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നെന്ന് ഷരീഫ് പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തന്നില്ല. പണംലഭിക്കാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നു ഉമര്‍ ഷരീഫ് പറഞ്ഞു.

 
Other News in this category

 
 




 
Close Window