Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്ത് സഭ, 8000 രൂപ നല്‍കിയാല്‍ മാത്രം മതി
reporter

അടുത്തകാലത്തായി ഇന്റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍, മെക്‌സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. 'ഭൂമിയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് അഴിമതി' എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്.

'ചര്‍ച്ച് ഓഫ് ദി എന്‍ഡ് ഓഫ് ടൈംസ്' (the Church of the End of Times) എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെല്‍ ഫൈനല്‍ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്. 2017 -ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗില്‍ സഭയുടെ പാസ്റ്റര്‍ക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്. ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വര്‍ഗത്തില്‍ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റര്‍, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു..

പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാല്‍, ഗൂഗിള്‍ പേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്‌ലെക്‌സിബിള്‍ പേയ്മെന്റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വര്‍ണ്ണ കിരണങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.

തമാശ പരിപാടികള്‍ക്കായി ആരംഭിച്ച ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. അവിടെ നിന്നും വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഒരു എക്‌സ് ഉപയോക്താവ് എഴുതിയത് 'എനിക്ക് 100 ബസുകള്‍ വായ്പ തരാന്‍ ആര്‍ക്കാണ് കഴിയുക? എന്റെ സ്വര്‍ഗീയ വായ്പ സുരക്ഷിതമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു. 'നൈജീരിയക്ക് ഭ്രാന്താണെന്ന് ഞാന്‍ കരുതി, മെക്‌സിക്കോ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'നൂറ്റാണ്ടിന്റെ തമാശ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് അഴിമതിയായിരിക്കും,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം 'ഡൌണ്‍പേമെന്റിനെ കുറിച്ച് അന്വേഷിച്ചവരും കുറവല്ല. 'അവര്‍ മെറ്റാവേഴ്‌സസ് നിര്‍മ്മിക്കുകയാണ്' എന്നായിരുന്നു ഒരു കുറിപ്പ്. 'ഇത്തരം വ്യാജ ദൈവ മനുഷ്യര്‍ അവരുടെ നുണകള്‍ എങ്ങനെ ഇങ്ങനെ വിജയകരമായി വില്‍ക്കുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ സംശയം.

കുറച്ച് നാള്‍ മുമ്പ് യുഎസില്‍ നിന്നും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഒരു കാഴ്ചക്കാരനെഴുതി. ക്രിപ്റ്റോകറന്‍സി വില്‍ക്കാന്‍ ദൈവം തന്നോട് നിര്‍ദ്ദേശിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുഎസിലെ ഒരു പാസ്റ്റര്‍, ഇന്ന് കോടതിയില്‍ തീരാത്ത കേസുമായി നടക്കുകയാണെന്നായിരുന്നു അദ്ദേഹം എഴുതിയത്. 2022 ജൂണിലാണ് പാസ്റ്റര്‍ എലിജിയോ റെഗലാഡോയും ഭാര്യ കെയ്റ്റ്ലിനും 'ക്രിപ്റ്റോകറന്‍സി വില്‍ക്കാന്‍ ദൈവം നിര്‍ദ്ദേശിച്ചു' എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ക്രിപ്റ്റോകറന്‍സിയില്‍ യാതൊരു പശ്ചാത്തലവുമില്ലാതിരുന്നിട്ടും ഇവര്‍ 2023 ഏപ്രില്‍ വരെയുള്ള സമയത്തിനിടെ 300-ലധികം നിക്ഷേപകരില്‍ നിന്ന് ഏകദേശം 3.2 ദശലക്ഷം ഡോളറാണ് (26,67,36,000 രൂപ) സമാഹരിച്ചത്. പക്ഷേ, ഇങ്ങനെ ലഭിച്ച പണം ദമ്പികള്‍ തങ്ങളുടെ ആഡംബര ജീവിതത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് കേസ്. എന്നാല്‍ പാസ്റ്റര്‍ എലിജിയോ റെഗലാഡോ ഇപ്പോഴും പറയുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവം അത്ഭുതം ചെയ്യുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ്. അതേസമയം നിക്ഷേപിച്ച ആര്‍ക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window