ഊട്ടിയിലെ 52.35 ഏക്കര്‍ വരുന്ന റേസ് കോഴ്സ് 130 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കോ പാര്‍ക്ക് ആക്കി മാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍. ഇവിടം പൊതുജനങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ശനിയാഴ്ചയോടെ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 52.35 ഏക്കര്‍ വരുന്ന റേസ് കോഴ്സ് മൈതാനം മദ്രാസ് റേസ് ക്ലബ്ബാണ് പാട്ടത്തിനെടുത്തിരുന്നത്. ഈ സ്ഥലം തിരികെ സര്‍ക്കാരിന് കൈമാറണമെന്ന് ക്ലബ്ബിനോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. പാട്ടത്തുക അടയ്ക്കുന്നതില്‍ ക്ലബ്ബ് വീഴ്ച വരുത്തിയിരുന്നു. കുടിശ്ശികയായി ഏകദേശം 822 കോടിയോളം രൂപ നല്‍കാനുണ്ടായിരുന്നു. 2001 മുതല്‍ ക്ലബ് പാട്ടത്തുക അടച്ചിരുന്നില്ല. തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
തിരികെ കിട്ടിയ മൈതാനം നീലഗിരി കളക്ടര്‍ എം അരുണ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിന് കൈമാറി. പ്രദേശത്തെ എക്കോ പാര്‍ക്കാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. റേസ് കോഴ്സ് മൈതാനത്തിനുള്ളിലെ കെട്ടിടങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിട്ടുണ്ട്.
'' റേസ് കോഴ്‌സിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ചതുപ്പ് നിലം സംരക്ഷിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,'' ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ ജോയിന്റ് ഡയറക്ടര്‍ സിബില മേരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചതുപ്പ് നിലത്തെ സംരക്ഷിച്ച് ബാക്കിയുള്ള പ്രദേശത്ത് ആളുകള്‍ക്ക് നടക്കാനും പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇതിന് ശേഷം പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് തുറന്നുകൊടുക്കുമെന്നും സിബില മേരി പറഞ്ഞു. |