ലണ്ടന്‍: ലോകമെമ്പാടും ഒറ്റപ്പെടല്‍ ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമൂഹിക ഒറ്റപ്പെടലും ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇതിനൊരു പരിഹാരമായി, 30 വയസ്സുകാരിയായ നിക്കോള ഗണ്‍ബി 'ക്ലിക്ക്' എന്ന പേരില്‍ ഒരു പുതിയ സമൂഹ മാധ്യമ ആപ്പ് പുറത്തിറക്കി. പൊതുവായ താല്‍പ്പര്യങ്ങളുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള നിക്കോള ഗണ്‍ബി 2021ല്‍ പങ്കാളി ജേസണ്‍ ഇലിഫിനൊപ്പം ലണ്ടനിലേക്ക് താമസം മാറി. നഗരത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുഴുകാന്‍ ആഗ്രഹിച്ചിരുന്ന നിക്കോളയ്ക്ക് യഥാര്‍ഥ വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രയാസം നേരിട്ടു. ''ലക്ഷക്കണക്കിന് ആളുകളുള്ള ഒരു നഗരത്തില്‍ എങ്ങനെയാണ് യഥാര്‍ഥമായ വ്യക്തി ബന്ധം കണ്ടെത്താന്‍ കഴിയാത്തത്? അത് ശരിക്കും അസാധ്യമാണെന്ന് തോന്നി'' ഗണ്‍ബി സിഎന്‍ബിസിയോട് പറഞ്ഞു.
വിവിധ നെറ്റ്വര്‍ക്കിങ് ഇവന്റുകളിലും നിലവിലുള്ള സൗഹൃദ ആപ്പുകളിലും പങ്കെടുത്തെങ്കിലും വിജയിക്കാത്തതിനെത്തുടര്‍ന്ന്, ഗണ്‍ബിയും ഇലിഫും ഈ പ്രശ്‌നം അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതായി മനസ്സിലാക്കി. ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ക്ക് പകരം യഥാര്‍ഥ ജീവിതത്തിലെ ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു പ്ലാറ്റ്ഫോമിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. ഇതാണ് 2023 ഫെബ്രുവരിയില്‍ 'ക്ലിക്ക്' എന്ന ആപ്പിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്. പരമ്പരാഗത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, 'ക്ലിക്ക്' കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപയോക്താക്കള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഗ്രൂപ്പുകളില്‍ ചേരുന്നു - ഫിറ്റ്‌നസ്, സാഹിത്യം മുതല്‍ വിശ്വാസ സമൂഹങ്ങള്‍ വരെ - വ്യക്തിപരമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന ഇവന്റുകളില്‍ പങ്കെടുക്കുന്നു. ലോകമെമ്പാടുമായി 100,000 ത്തിലധികം ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഇതേ തുടര്‍ന്ന് ആപ്പ് നിക്ഷേപകരുടെ താല്‍പ്പര്യവും ആകര്‍ഷിച്ചു, 528,900 പൗണ്ട് (646,000 ഡോളര്‍) ആണ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്.