ലണ്ടന്‍: യുകെയിലെ നഴ്‌സുമാരുടെയും കെയറര്‍മാരുടെയും സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രതിനിധികള്‍ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ മേഖലയില്‍ വരുന്ന 10 വര്‍ഷത്തെ പദ്ധതികള്‍ക്ക് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് കൂടിക്കാഴ്ച്ച നടന്നത്. നഴ്‌സുമാര്‍ക്ക് തൊഴില്‍ പരിചയത്തിനുസരിച്ച് ശമ്പള വര്‍ധനവ് നല്‍കണമെന്ന ആവശ്യമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആര്‍സിഎന്‍ അംഗങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്‌സിങ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രഫ. നിക്കോള റേഞ്ചര്‍, ആര്‍സിഎന്‍ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും ഭാവി ശക്തപ്പെടുത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്നു വന്നു.
ആരോഗ്യ സഹമന്ത്രി കാരിന്‍ സ്മിത്ത്, എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിങ് ഓഫിസര്‍ ഡങ്കന്‍ ബര്‍ട്ടന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ നഴ്‌സിങ് സ്‌പെഷലൈസേഷനുകളില്‍ നിന്നുള്ള നഴ്‌സുമാരുടെ സംഘത്തില്‍ മലയാളിയായ ഡോ. അജിമോളും ഉണ്ടായിരുന്നു. എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവ്, രോഗികളെ വരാന്തകളില്‍ പോലും കിടത്തി ചികിത്സിക്കേണ്ടി വരുന്ന സാഹചര്യം, രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു.
സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ 10 വര്‍ഷത്തെ പദ്ധതികള്‍ രൂപീകരിക്കുന്നതിന് നഴ്‌സിങ് മേഖല അവിഭാജ്യമാണെന്നും എന്നാല്‍ തൊഴില്‍ തുടരാനുള്ള പ്രോത്സാഹനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെട്ടു. മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കപ്പെടാത്തതിനാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും ആര്‍സിഎന്‍ ചൂണ്ടിക്കാട്ടി. നഴ്‌സിങ് ജീവനക്കാര്‍ക്ക് തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരുമായി നേരിട്ട് സംസാരിക്കാനും ആരോഗ്യ പരിരക്ഷാ സംവിധാനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കൂടിക്കാഴ്ച സഹായിച്ചതായി ആര്‍സിഎന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ആരോഗ്യ മേഖലയിലെ ചര്‍ച്ചകളില്‍ ആര്‍സിഎന്‍ ഭാഗമാകണമെന്നും ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങ് പറഞ്ഞു.