ലണ്ടന്‍: തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായി. ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റാന്‍ഫോര്‍ഡ് ഹില്‍ തുറന്ന ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തുടര്‍ന്ന്, സമീപത്തുള്ള സ്വാല്‍സൈഡ് ജയിലിന്റെ പാര്‍ക്കിങ് സ്ഥലത്ത് എത്തിയ ശേഷം വനിതാ ഡോക്ടറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മെയ്ഡ്സ്റ്റോണിലേക്ക് കൊണ്ടുപോവുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.ജെയ്മി ഹെര്‍ബെര്‍ട്ട് ആണ് കേസില്‍ അറസ്റ്റിലായത്. പ്രതിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും ആയുധം കൈവശം വച്ചതിനും തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്.
''ചൊവ്വാഴ്ച രാവിലെ 9.25 ഓടെയാണ് പ്രതി മെയ്ഡ്സ്റ്റോണിലെ വിലിങ്ടന്‍ സ്ട്രീറ്റ് ഏരിയയിലേക്ക് യുവതിയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ട് പോയത്. അവിടെ വച്ച് പണം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട്, മറ്റൊരു മോഷണ ശ്രമം നടത്തി. ഇതിനിടെയാണ് ഇയാളെ പിടികൂടിയത്'' - സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞു. ഹെര്‍ബെര്‍ട്ടിനെ മെഡ്വേ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 24ന് മെയ്ഡ്സ്റ്റോണ്‍ ക്രൗണ്‍ കോടതിയില്‍ വീണ്ടും ഹാജരാക്കും.