ലണ്ടന്‍: കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് 140 ജീവനക്കാര്‍ക്ക് 14.5 കോടി രൂപ ബോണസായി നല്‍കി. സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പായ കോവൈ ഡോട്ട് കോം ആണ് പെര്‍ഫോമന്‍സിനെക്കാള്‍ ജീവനക്കാരുടെ വിശ്വസ്തതയെ അടിസ്ഥാനമാക്കി ബോണസ് വാഗ്ദാനം ചെയ്തത്. ദീര്‍ഘകാലമായി കമ്പനിയില്‍ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നല്‍കിയ ബോണസ് 'ടുഗെദര്‍ വി ഗ്രോ' എന്ന കമ്പനി ആശയത്തിന്റെ ഭാഗമായിരുന്നു. 2022 -നോ അതിന് മുമ്പോ കമ്പനിയില്‍ ജോലിക്കാരായി കയറിയ ജീവനക്കാര്‍ക്കാണ് കമ്പനി ബോണസ് വാഗ്ദാനം ചെയ്തത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലമോ അതില്‍ അധികമോ ആയി ഇവര്‍ കമ്പനിയോട് പുലര്‍ത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തില്‍ ബോണസ് നല്‍കിയത് എന്നാണ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരവണ കുമാര്‍ പറയുന്നത്. ജീവനക്കാരോടുള്ള നന്ദിയുടെയും അഭിമാനത്തിന്റെയും നേട്ടത്തിന്റെയും സൂചകമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി നല്‍കിയ തുക ജീവനക്കാര്‍ക്ക് അവരുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമായി മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ എല്ലാവരുടെയും അധ്വാനത്തെ മാനിച്ച് കൊണ്ട് ബോണസ് നല്‍കുന്നതില്‍ പെര്‍ഫോമന്‍സോ, ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കുന്നതോ മാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സ്ഥാപനത്തിന്റെ വിജയം അവിടുത്തെ ജീവനക്കാര്‍ ആ സ്ഥാപനത്തോട് പുലര്‍ത്തുന്ന വിശ്വസ്തതയെ അടിസ്ഥാനമാക്കിയാണെന്നും സ്ഥാപനം നേട്ടം കൊയ്യുമ്പോള്‍ ആ നേട്ടത്തിന്റെ ഒരു വിഹിതം അതിനായി അധ്വാനിച്ച എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോയമ്പത്തൂര്‍ സ്വദേശിയായ ശരവണകുമാര്‍ 25 വര്‍ഷം മുമ്പാണ് ലണ്ടനിലേക്ക് താമസം മാറിയത്. ഐടി വ്യവസായത്തില്‍ ഒരു ദശാബ്ദത്തിന് ശേഷം, വിപണിയില്‍ ഒരു വിടവ് കണ്ട അദ്ദേഹം സ്വന്തം നാട്ടില്‍ കോവൈ ഡോട്ട് കോം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇന്ന്, എണ്ണക്കമ്പനിയായ ഷെല്‍, ബോയിംഗ് എയര്‍ക്രാഫ്റ്റ് , ബിബിസി എന്നിവയുള്‍പ്പെടെ നിരവധി ക്ലയന്റുകള്‍ അവരുടെ സേവനം നേടുന്നുണ്ട്. ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കോവൈ ഡോട്ട് കോം പ്രതിവര്‍ഷം 15 മില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തുന്നുണ്ട്.