ഡബ്ലിന്‍/പനാജി: ഗോവയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഐറിഷ് യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഗോവന്‍ സ്വദേശി വികട് ഭഗത് (31) ആണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 2017 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 23 വയസ്സായിരുന്നു പ്രായം. 2017 മാര്‍ച്ച് 14 ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ വനപ്രദേശത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലെ മാര്‍ഗാവോ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വികട് ഭഗതിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
രണ്ട് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കൊലപാതകം, പീഡനം എന്നിവയ്ക്ക് ഓരോ ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് രണ്ട് വര്‍ഷത്തെ അധിക തടവും വിധിച്ചു. ഈ ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. യുവതി കൊല്ലപ്പെട്ടതിന് ശേഷം ഏകദേശം ഏഴ് വര്‍ഷത്തെ നീണ്ട വിചാരണക്ക് ശേഷമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. അയര്‍ലന്‍ഡിലെ ഡോണഗലില്‍ നിന്നുള്ള യുവതി വിനോദ സഞ്ചാരത്തിനാണ് ഇന്ത്യയിലെത്തിയത്. യുവതിയുമായി വികട് ഭഗത് സൗഹൃദം സ്ഥാപിച്ചു. യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ഥിനി ആയിരുന്നു. യുവതിയുടെ മൃതദേഹം അയര്‍ലന്‍ഡില്‍ എത്തിച്ചാണ് സംസ്‌കരിച്ചത്.