ലണ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഏകാധിപതിയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിനു പിന്നാലെ സെലന്‍സ്‌കിയെ പിന്തുണച്ച് ബ്രിട്ടന്‍ രംഗത്ത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ സെലന്‍സ്‌കിക്ക് എല്ലാ പിന്തുണയും തുടരുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മില്‍ ബുധനാഴ്ച വൈകിട്ട് ടെലിഫോണില്‍ സംസാരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. യുദ്ധകാലത്ത് തിരഞ്ഞെടുപ്പു നടത്താത്ത നടപടിയെ ബ്രിട്ടന്‍ ന്യായീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണും സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്ന കാര്യം അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
2022 മുതല്‍ യുദ്ധത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു നടത്താതിരിക്കുന്ന സെലന്‍സ്‌കിയുടെ നടപടി മോശമാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലൂടെയാണ് ട്രംപിന്റെ ജീവിതമെന്നായിരുന്നു ഇതിന് സെലന്‍സ്‌കിയുടെ മറുപടി. റഷ്യന്‍ നുണകളില്‍ പ്രസിഡന്റ് വിശ്വസിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ഷന്‍ നടത്താത്തില്‍ സെലന്‍സ്‌കിയെ പിന്തുണച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക എടുക്കുന്ന നയതന്ത്ര ഇടപെടലുകളെ ബ്രിട്ടന്‍ പിന്തുണച്ചു. റിയാദില്‍ നടന്ന അമേരിക്ക- റഷ്യ മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ട്രംപ് സെലന്‍സ്‌കിയെ കടന്നാക്രമിചത്. ബ്രിട്ടന് പുറമെ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് ലോകം.
നാലു വര്‍ഷത്തോളമായി നീളുന്ന യുദ്ധത്തിന് അമേരിക്ക ഇതുവരെ നല്‍കിയ സഹായത്തിനു പകരമായി യുക്രെയ്‌ന്റെ ധാധു വിഭവങ്ങളുടെ നിശ്ചിത ശതമാനം ഉടമസ്ഥാവകാശം നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ യുദ്ധത്തിന്റെ പേരില്‍ രാജ്യത്തെ വില്‍ക്കില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനാണ് മറ്റു രാജ്യങ്ങളുടെ സഹായം തേടിയതെന്നുമാണ് പ്രസിഡന്റ് സെലന്‍സ്‌കിയുടെ നിലപാട്. മൂന്നു വര്‍ഷത്തിനിടെ യുക്രെയ്‌ന് 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി ഡോളര്‍ പണമായും അമേരിക്ക നല്‍കി. ഇതിനു പകരമാണ് സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ധാതു വിഭവങ്ങളുടെ ഉടമസ്ഥാവകാശം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതിനു വഴങ്ങാത്ത യുക്രെയ്‌ന്റെ നിലപാടാണ് അമേരിക്കയെ ഇപ്പോള്‍ ചൊടിപ്പിക്കുന്നത്.