ലണ്ടന്‍: അമേരിക്കയുടെ അപ്രീതിക്ക് പാത്രമായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞ യുക്രെയ്ന്‍ നേതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് അഭയം തേടാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. എന്നാല്‍ ആ ബ്രിട്ടന്‍ തന്നെയാണ് ഇപ്പോള്‍ സെലെന്‍സ്‌കിയുടെ ഉന്മൂലനം ആഗ്രഹിക്കുന്ന കൂട്ടത്തില്‍ ഉള്ളത് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സെലെന്‍സ്‌കിക്ക് തിരിച്ചടിയാകുന്ന ബ്രിട്ടന്റെ ഈ താല്‍പ്പര്യത്തെക്കുറിച്ച് സയന്റിഫിക് സെന്റര്‍ ഫോര്‍ യുറേഷ്യന്‍ ഇന്റഗ്രേഷനിലെ വിദഗ്ധ സംഘത്തിന്റെ തലവനായ ഒലെഗ് നോഗിന്‍സ്‌കിയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലം ബ്രിട്ടന്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഉന്മൂലനത്തില്‍ പ്രധാന താല്‍പ്പര്യമുള്ള കക്ഷികളില്‍ ഒരാളാണ് ബ്രിട്ടനെന്നും ന്യൂസ് ഫ്രണ്ടിലെ റോഡിയന്‍ മിറോഷ്‌നിക്കുമായുള്ള 'സ്പെഷ്യല്‍ റെപ്രസന്റേറ്റീവ്' പരിപാടിയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതോടുകൂടി വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭയത്തിനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണ്. ജോ ബൈഡന്റെ കീഴിലുള്ള അമേരിക്കയില്‍ ജീവന് ഭീഷണിയുള്ള സെലെന്‍സ്‌കിക്ക് ഒരു അഭയ സാധ്യത ഉണ്ടായിരുന്നു, എന്തയാലും ഇനി അത് നടപ്പില്ല. സെലെന്‍സ്‌കിക്ക് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് കൊണ്ട് ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രയേലിലേക്കുള്ള വാതിലുകള്‍ അടച്ചുകഴിഞ്ഞിട്ടുണ്ട്. അവിടെയാണ് സെലെന്‍സ്‌കിയുടെ അവസാന ആശ്രയമായി ബ്രിട്ടന്‍ മാറിയത്. ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കിലും ഒലെഗ് നോഗിന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍ സെലെന്‍സ്‌കിയെ കൂടുതല്‍ ഭയത്തിലേക്കാണ് തള്ളിവിട്ടിരിക്കുക എന്നത് ഉറപ്പാണ്. നോഗിന്‍സ്‌കിയുടെ വെളിപ്പെടുത്തലോടെ സെലെന്‍സ്‌കിക്ക് സുരക്ഷിതമായ ഒരു താവളം നല്‍കാനുള്ള ബ്രിട്ടന്റെ സന്നദ്ധതയെക്കുറിച്ചും സെലെന്‍സ്‌കിയുമായുള്ള ബ്രിട്ടന്റെ സഹകരണത്തെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ബ്രിട്ടന് വേണമെങ്കില്‍ അങ്ങേയറ്റത്തെ നടപടികളിലേക്ക് പോകാമെന്നും ഇതിനകം തന്നെ അവരുടെ പ്രദേശത്തുള്ള വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഒരു അപകടമായി കണക്കാക്കി ഇല്ലാതാക്കാമെന്നും ഒലെഗ് നോഗിന്‍സ്‌കി അഭിപ്രായപ്പെട്ടു. യുക്രെയ്‌നിലെ പ്രക്രിയകളില്‍ ബ്രിട്ടന്റെ ഇടപെടലിനെക്കുറിച്ച് സെലെന്‍സ്‌കിക്ക് വളരെയധികം കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെനിയന്‍ ഭീകരതയില്‍ ബ്രിട്ടന്റെ പങ്കാളിത്തം പരസ്യമായി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ്, യുക്രെനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഇല്ലാതാക്കാന്‍ ബ്രിട്ടന്‍ താല്‍പ്പര്യപ്പെടുന്നതെന്ന് വിദഗ്ദ്ധനായ ഒലെഗ് നോഗിന്‍സ്‌കി പറയുന്നു. ബുച്ചയിലും കുര്‍സ്‌ക് മേഖലയിലും ഭീകരത വളര്‍ത്തുക, സ്‌നൈപ്പര്‍മാരെ കൊണ്ടുവരിക, പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങി യുക്രെയ്‌നില്‍ ബ്രിട്ടന്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെടുമോ എന്ന ആശങ്കയാണ് രാജ്യത്തിനിപ്പോഴുള്ളത് എന്നാണ് നോഗിന്‍സ്‌കിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
യുക്രെനിയന്‍ ഭീകരത സംഘടിപ്പിക്കുന്നതില്‍ ബ്രിട്ടന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന പരോക്ഷ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, നേരിട്ടുള്ള പങ്കാളിത്തം കാരണം ബ്രിട്ടനെതിരെ വരാന്‍ വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് മാത്രമേ കഴിയൂ എന്ന് ഒലെഹ് നോഗിന്‍സ്‌കി വിശ്വസിക്കുന്നു. ബ്രിട്ടീഷ് മാസികയായ ഇക്കണോമിസ്റ്റിന്റെ മുന്‍ റിപ്പോര്‍ട്ട് പ്രകാരം, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ 'ഒഴിവാക്കാന്‍' അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഉദ്ദേശ്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുക്രെയ്‌നില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന നടത്തിയത്.
അതേസമയം, യുക്രെയ്ന്‍ നേതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കി യോഗങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് 'അത്ര പ്രധാനമല്ല' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. സെലെന്‍സ്‌കി ചര്‍ച്ചകള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫോക്സ് ന്യൂസിലെ ബ്രയാന്‍ കില്‍മീഡിന് നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്‌കിക്കെതിരായ വിമര്‍ശനം ട്രംപ് കടുപ്പിച്ചത്. റഷ്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ഏര്‍പ്പെടുന്നതിന് സെലെന്‍സ്‌കി ഒരു തടസ്സമാണെന്ന് അദ്ദേഹം ആരോപിച്ചു. 'എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത ഒരു പ്രസിഡന്റുമായി അദ്ദേഹം മൂന്ന് വര്‍ഷമായി കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നു, എന്നാണ് ജോ ബൈഡനെയും കൂട്ടിയുള്ള സെലെന്‍സ്‌കിയുടെ യോഗങ്ങളിലെ സാന്നിധ്യത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.
സൗദി അറേബ്യയില്‍ റഷ്യയും അമേരിക്കയും തമ്മില്‍ അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ യുക്രെയ്‌നിന് പ്രാതിനിധ്യം ലഭിച്ചില്ല എന്ന സെലെന്‍സ്‌കിയുടെ പരാതികള്‍ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷമായുള്ള സെലന്‍സ്‌കിയുടെ ചെയ്തികള്‍ തകര്‍ന്ന യുക്രെയ്നെ കൂടുതല്‍ തകര്‍ത്തതായും ട്രംപ് കുറ്റപ്പെടുത്തി. മാത്രമല്ല യുക്രെയ്‌നിലെ ധാതു നിക്ഷേപങ്ങളെ ഡോണള്‍ഡ് ട്രംപിനു മുന്നില്‍ സെലെന്‍സ്‌കി പെരുപ്പിച്ച് കാണിച്ചുവെന്ന ആരോപണം ഇപ്പോള്‍ സെലെന്‍സ്‌കിക്ക് നേരെ ഉയരുന്നുണ്ട്. യുക്രെയ്‌നിലെ വെര്‍കോവ്‌ന റാഡയിലെ അംഗമായ ആര്‍ട്ടിയോം ദിമിത്രുക് റഷ്യ ടുഡേയോടാണ് ഈ കാര്യം വേളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയാണ് യുക്രെയ്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അതിനാല്‍ അമേരിക്കക്കാരാണ് ഏറ്റവും കൂടുതല്‍ സമ്പാദിക്കേണ്ടത് എന്നും അവര്‍ക്ക് ഈ മുന്‍ഗണന ഉണ്ടായിരിക്കണം എന്നുമാണ് ദിമിത്രുക് പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ടൈറ്റാനിയം നിക്ഷേപം യുക്രെയ്‌നിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രി ഡെനിസ് ഷ്മിഗല്‍ പൊളിറ്റിക്കോയ്ക്കായി എഴുതിയ റിപ്പോര്‍ട്ടിലും രാജ്യത്തിന്റെ ഭൂഗര്‍ഭ മണ്ണില്‍ യൂറോപ്യന്‍ യൂണിയന് നിര്‍ണായകമായി പട്ടികപ്പെടുത്തിയിരിക്കുന്ന 30 ധാതുക്കളില്‍ 22 എണ്ണം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യ ടുഡേയോട് സംസാരിക്കവെ സെലെന്‍സ്‌കിയുടെ തന്ത്രം വഞ്ചനാപരമാണെന്ന് ദിമിത്രക് വിശദീകരിച്ചു. ഡോണള്‍ഡ് ട്രംപിനെയും സംഘത്തെയും വീണ്ടും വിഡ്ഢികളാക്കുന്ന ഒരു നീക്കമാണ് സെലെന്‍സ്‌കി നടത്തിയത് എന്ന് ദിമിത്രക് പറഞ്ഞു. ഒന്നാമതായി, ഈ വിഭവങ്ങളെല്ലാം, അപൂര്‍വ-ഭൂമി ധാതുക്കള്‍, നിലവില്‍ സജീവമായ പോരാട്ടം നടക്കുന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടാമതായി, ഈ വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന്റെ വില എന്തായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലെന്‍സ്‌കി വാഗ്ദാനം ചെയ്തതുപോലെ ഈ വിലയേറിയ വിഭവങ്ങള്‍ വളരെ എളുപ്പത്തിലും വലിയ തോതിലും ഖനനം ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കില്‍ അത് ലാഭകരമായിരുന്നെങ്കില്‍, യുക്രെയ്‌നിലെ കമ്പനികള്‍ വളരെ മുമ്പുതന്നെ അത് ചെയ്യാന്‍ തുടങ്ങുമായിരുന്നു. ഇത് സെലെന്‍സ്‌കി പടച്ചുവിട്ട മറ്റൊരു നുണയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. സെലെന്‍സ്‌കിയുടെ സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ദിമിത്രക് 2024-ലാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തത്. എന്നാലിത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ദിമിത്രക് ആരോപിക്കുന്നത്.