Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി റിഫോം യുകെയില്‍ സ്ഥാനാര്‍ഥിയായി മലയാളി
reporter

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മലയാളി. മാര്‍ച്ച് ആറിന് നടക്കുന്ന കാന്റര്‍ബറി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുമാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കെന്റിലെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി അസോസിയേഷന്റെയും യുക്മയുടെയും സജീവ പ്രവര്‍ത്തകനാണ്.

കാല്‍ നൂറ്റാണ്ടായി കെന്റില്‍ താമസിക്കുന്ന ബേബിച്ചന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഏറെയാണ്. പുതിയ പാര്‍ട്ടിയുടെ കുതിപ്പും കൂട്ടാകുമ്പോള്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ബ്രിട്ടിഷ് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് സ്ഥാനാര്‍ഥി ആകുന്നതെന്നാണ് ബേബിച്ചന്റെ വിശദീകരണം. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായിരുന്ന യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യുക്കിപ്) പുതിയ പതിപ്പാണ് നൈജല്‍ ഫെറാജ് നേതൃത്വം നല്‍കുന്ന റിഫോം യുകെ പാര്‍ട്ടി. മൂന്നുവര്‍ഷക്കാലംകൊണ്ട് റിഫോം യുകെ ബ്രിട്ടിഷ് രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം അത്ഭുതാവഹമാണ്. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉള്ളതിനേക്കാള്‍ അംഗങ്ങള്‍ റിഫോം യുകെ ആയിക്കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ 15 ശതമാനത്തോളം വോട്ടാണ് റിഫോം യുകെ സ്ഥാനാര്‍ഥികള്‍ നേടിയത്. നൂറോളം കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായത് ഇവരുടെ സാന്നിധ്യമാണ്.

കെന്റിലെ ആഷ്‌ഫോര്‍ഡില്‍ മലയാളിയാായ സോജന്‍ ജോസഫിനു പോലും വിജയിക്കാനായത് ആ മണ്ഡലത്തിലെ റിഫോം യുകെ സ്ഥാനാര്‍ഥി പതിനായിരം വോട്ട് പിടിച്ചതുകൊണ്ടാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്‌ഫോര്‍ഡില്‍ എല്ലാ തിരഞ്ഞെടുപ്പിലും ശരാശരി 25,000 വോട്ട് കണ്‍സര്‍വേറ്റീവിന് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10,141 വോട്ട് റിഫോം യുകെ സ്ഥാനാര്‍ഥി കെന്നഡി ഹാര്‍പ്പര്‍ സ്വന്തമാക്കി. ഇതോടെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിന്റെ വോട്ട് വിഹിതം 13,483 ആയി കുറഞ്ഞു. അങ്ങനെയാണ് 15,262 വോട്ടു നേടിയ സോജന്‍ ജോസഫിന് വിജയിക്കാനായത്. സമാനമായ രീതിയിലാണ് പലേടത്തും ടോറികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ബ്രിട്ടനിലെ പ്രാദിശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളായി നിരവധി പേര്‍ മത്സരിക്കുകയും വിജയിക്കുകയും മേയര്‍മാര്‍ വരെ ആകുകയും ചെയ്തിട്ടുണ്ട്. നിലവിലെ കേംബ്രിജ് സിറ്റി കൗണ്‍സില്‍ മേയറായ ബൈജു വര്‍ക്കി തിട്ടാലയാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ഫിലിപ്പ് ഏബ്രഹാം തുടങ്ങി നിരവധി മലയാളി മേയര്‍മാര്‍ ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളില്‍ ഉണ്ടായിട്ടുണ്ട്. കൗണ്‍സിലര്‍മാരായി നിരവധി മലയാളികളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി ഒരു മലയാളി മത്സരരംഗത്ത് വരുന്നത്. അതുകൊണ്ടുതന്നെ ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് വോട്ടര്‍മാരില്‍നിന്നു ലഭിക്കുന്ന പിന്തുണ അറിയാന്‍ കാത്തിരിക്കുയാണ് ബ്രിട്ടനിലെ മലയാളി സമൂഹം.

 
Other News in this category

 
 




 
Close Window