ലണ്ടന്‍: രണ്ടാം ലോകയുദ്ധകാലത്തെ അവിസ്മരണീയ ബ്രിട്ടിഷ് നാവികദൗത്യമായിരുന്ന ഡണ്‍കിര്‍ക്കില്‍ ശ്രദ്ധേയ പങ്കുവഹിച്ച ചാലഞ്ച് എന്ന ടഗ്‌ബോട്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ എത്തിക്കാന്‍ ബ്രിട്ടനിലെ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമം. ക്രിസ് ബാനിസ്റ്റര്‍ എന്ന ബ്രിട്ടിഷുകാരന്റെ ഉടമസ്ഥതയിലാണു ചാലഞ്ച്. 35000 ബ്രിട്ടിഷ് പൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ചാലഞ്ചിനെ പഴയരീതിയില്‍ ആക്കാന്‍ ആകുകയുള്ളെന്ന് ബാനിസ്റ്റര്‍ പറഞ്ഞു. ഈ വര്‍ഷം മേയില്‍ നടക്കുന്ന ഡണ്‍കിര്‍ക്കിന്റെ 85ാം വാര്‍ഷികത്തില്‍ ചാലഞ്ചിനെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍ അത്ര നല്ല സ്ഥിതിയിലല്ല ചാലഞ്ച് ഉള്ളത്. ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുള്ള ഒരു ചെറിയ കടല്‍ത്തീര പട്ടണമായിരുന്നു ഡണ്‍കിര്‍ക്ക്, ബെല്‍ജിയംഫ്രാന്‍സ് അതിര്‍ത്തിക്കു സമീപം.ഇംഗ്ലണ്ട് തീരവുമായി വെറും 34 കിലോമീറ്റര്‍ കടല്‍ദൂരമാണ് ഈ പട്ടണത്തിനുണ്ടായിരുന്നത്. രണ്ടാംലോകയുദ്ധകാലത്ത് നയതന്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു ഡണ്‍കിര്‍ക്ക്. 1940 മേയ് 10ന് നാത്സി ജര്‍മനി, ബ്ലിറ്റ്‌സ്‌ക്രീഗ് എന്ന് അവര്‍ പേരിട്ടു വിളിക്കുന്ന പൊടുന്നനെയുള്ള മുന്നേറ്റത്തില്‍ നെതര്‍ലന്‍ഡ്‌സ്, ലൂക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെ ആക്രമിച്ചു.അത്യാധുനിക പാന്‍സര്‍ ടാങ്കുകളുപയോഗിച്ചുള്ള ആ ആക്രമണത്തില്‍ കീഴടങ്ങുകയല്ലാതെ ഈ രാജ്യങ്ങള്‍ക്കു സാധ്യമായിരുന്നില്ല.മേയ് അവസാനത്തോടെ 3 രാജ്യങ്ങളും നാത്സികളുടെ മുന്നില്‍ അടിയറവ് പറഞ്ഞു.
അടുത്ത ലക്ഷ്യം ഫ്രാന്‍സാണെന്നു സുവ്യക്തമായിരുന്നു. ഏതുനിമിഷവും നാത്സികള്‍ തങ്ങളെ ആക്രമിക്കാമെന്നു ഫ്രാന്‍സ് കണക്കുകൂട്ടി .സ്‌ട്രോസ്ബര്‍ഗ് നഗരത്തില്‍ നിന്നു നീങ്ങിയുള്ള മാഗിനോട്ട് മേഖല വഴിയാകും നാത്സികള്‍ എത്തുകയെന്ന വിലയിരുത്തലില്‍ അവിടത്തെ സൈനിക മുന്നൊരുക്കങ്ങള്‍ അവര്‍ കൂട്ടി. എന്നാല്‍ നാത്സികള്‍ തിരഞ്ഞെടുത്തത് മറ്റൊരു മാര്‍ഗമാണ്. ആര്‍ഡിനസ് കാടുകള്‍ വഴി സോം താഴ്വരയിലേക്കാണ് അവരെത്തിയത്.വഴിയിലുള്ള ആശയവിനിമയ, ഗതാഗത സംവിധാനങ്ങളെല്ലാം അവര്‍ തകര്‍ത്തെറിഞ്ഞു.ഡണ്‍കിര്‍ക്ക് ഉള്‍പ്പെടുന്ന ഫ്രാന്‍സിന്റെ ഉത്തരമേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബ്രിട്ടനില്‍ നിന്നുള്ള രണ്ടു ലക്ഷം സൈനികരുള്‍പ്പെടെ വന്‍ സൈനികവിന്യാസം ആസമയം ഡണ്‍കിര്‍ക്കിലുണ്ടായിരുന്നു. എന്നാല്‍ നാത്സികളുടെ നൂതന യുദ്ധസംവിധാനങ്ങളുടെ മുന്നില്‍ ഇവര്‍ നശിച്ചുപോകുമെന്ന് ബ്രിട്ടന്‍ കണക്കുകൂട്ടി. ഡണ്‍കിര്‍ക്കില്‍ കുടുങ്ങിയ ബ്രിട്ടിഷ് സൈനികരെ കപ്പലുകള്‍ ഉപയോഗിച്ച് കടല്‍മാര്‍ഗം കൊണ്ടുവരാമെന്ന് ബ്രിട്ടിഷ് സൈന്യം സര്‍ക്കാരിനോട് പറഞ്ഞു. ആശയക്കുഴപ്പങ്ങള്‍ മറുപക്ഷത്തുമുണ്ടായിരുന്നു. ഹിറ്റ്‌ലറിനും ഡണ്‍കിര്‍ക്കിലെ സേനാവിന്യാസത്തിന്റെ കരുത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടു ദിവസത്തേക്ക് ഡണ്‍കിര്‍ക്ക് ആക്രമിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ അയാള്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. അപ്പോള്‍ ഡണ്‍കിര്‍ക്കിനു വെറും കിലോമീറ്ററുകള്‍ അകലെയായിരുന്നു ജര്‍മന്‍ സേന. ഹിറ്റ്‌ലര്‍ നല്‍കിയ ഈ ഇടവേള സഖ്യശക്തികള്‍ക്ക് നാവിക രക്ഷാ ദൗത്യത്തിനു തയാറെടുക്കാന്‍ സമയം നല്‍കി.
മേയ് 26നു വൈകുന്നേരത്തോടെ ഡണ്‍കിര്‍ക്കില്‍ നിന്നുള്ള രക്ഷാദൗത്യം ബ്രിട്ടന്‍ ആരംഭിച്ചു. ജര്‍മനിയുടെ കുപ്രസിദ്ധ വ്യോമസേനയായ ലുഫ്റ്റ്വാഫിന്റെ ഇടതടവില്ലാത്ത ആക്രമണങ്ങള്‍ അതിജീവിച്ചുകൊണ്ടാണ് ആദ്യഘട്ടം തുടങ്ങിയത്. ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ ഹാര്‍ബറിലെത്തുന്നത് തടയാന്‍ ബ്രിട്ടിഷ് വ്യോമസേനാവിഭാഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു.മേയ് 27നു 7500 പേരെ ഡണ്‍കിര്‍ക്കില്‍ നിന്നു രക്ഷപ്പെടുത്താന്‍ മാത്രമേ ഓപ്പറേഷന്‍ ഡൈനമോയ്ക്ക് സാധിച്ചുള്ളൂ. തൊട്ടടുത്ത ദിവസം 10000 പേര്‍ കൂടി രക്ഷപ്പെട്ടു. തീരെ ആഴംകുറഞ്ഞ കടല്‍ത്തിട്ടയായതിനാല്‍ ബ്രിട്ടന്റെ വലിയ കപ്പലുകള്‍ക്ക് ഡണ്‍കിര്‍ക്കിലേക്ക് എത്താന്‍ സാധ്യമായിരുന്നില്ല. വലിയ കപ്പലുകള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടു കിടന്നു. ചെറിയ ബോട്ടുകളിലും മത്സ്യബന്ധന നൗകകളിലുമൊക്കെയായി സൈനികര്‍ ഡണ്‍കിര്‍ക്കില്‍ നിന്ന് ഇവയിലേക്കു ചെന്നുകയറി.ഇവരുമായി കപ്പലുകള്‍ തിരിച്ച് ബ്രിട്ടിഷ് തീരത്തേക്കു യാത്ര തിരിച്ചു. ഏതുനിമിഷവും തങ്ങളുടെ തലയ്ക്കു മേല്‍ അഗ്‌നിവര്‍ഷവുമായി കഴുകന്‍മാരെപ്പോലെ എത്താവുന്ന ജര്‍മന്‍ യുദ്ധവിമാനങ്ങളെ പേടിച്ചായിരുന്നു ഈ പ്രയാണം. ഇത്തരത്തിലൊരു ബോട്ടാണു ചാലഞ്ച്. കൂടിപ്പോയാല്‍ അരലക്ഷം സൈനികരെ മാത്രം രക്ഷിക്കാന്‍ കഴിയും എന്നായിരുന്നു ചര്‍ച്ചില്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഭാഗ്യം ബ്രിട്ടനൊപ്പം നിന്നു. മേയ് 30ഓടെ രണ്ടു ലക്ഷം ബ്രിട്ടിഷ്, ഒന്നരലക്ഷം ഫ്രഞ്ച് സൈനികര്‍ ഉള്‍പ്പെടെ മൂന്നരലക്ഷം പേരെ ഡണ്‍കിര്‍ക്കില്‍ നിന്നു രക്ഷിച്ചു.
90000 സഖ്യശക്തി സേനാംഗങ്ങള്‍ ജര്‍മനിയെ എതിരിടാനായി മേഖലയില്‍ അവശേഷിച്ചു. ഇരമ്പിയാര്‍ത്തു വന്ന ജര്‍മന്‍ സൈന്യം ഇവരുമായി യുദ്ധം തുടങ്ങി. ഡണ്‍കിര്‍ക്കിലെ രക്ഷാദൗത്യം വന്‍വിജയമായത് ബ്രിട്ടിഷ് ജനതയ്ക്ക് വലിയ ആത്മവിശ്വാസമാണു നല്‍കിയത്. എന്നാല്‍ ഡണ്‍കിര്‍ക്ക് രക്ഷാദൗത്യം ജര്‍മന്‍ സേനയ്ക്ക് ഫ്രാന്‍സിലെ കാര്യങ്ങള്‍ എളുപ്പമാക്കി. പറയത്തക്ക പ്രതിരോധമില്ലാത്തതിനാല്‍ അവര്‍ക്കു മുന്നില്‍ ഫ്രാന്‍സ് ജൂണ്‍ 14നു കീഴടങ്ങി. പിന്നീട് നാലുവര്‍ഷത്തോളം ഫ്രാന്‍സ് ജര്‍മനിയുടെ അധീനതയിലായിരുന്നു.