ഒട്ടാവ: വിസ നിയമങ്ങളില്‍ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും റെസിഡന്റ് പെര്‍മിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസ സ്റ്റാറ്റസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് പ്രകാരം ഇലക്ട്രോണിക് യാത്രാ അനുമതികള്‍, ഇടിഎകള്‍, താല്‍ക്കാലിക റസിഡന്റ് വിസകള്‍ അല്ലെങ്കില്‍ ടിആര്‍വികള്‍ പോലുള്ള താല്‍ക്കാലിക റസിഡന്റ് രേഖകള്‍ നിരസിക്കാന്‍ കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അതേമസയം, പെര്‍മിറ്റുകളും വിസകളും നിരസിക്കുന്നതിന് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. അംഗീകൃത താമസ കാലാവധി കഴിഞ്ഞാല്‍ വ്യക്തി കാനഡ വിടുമെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കില്‍ കാനഡയില്‍ താമസിക്കുന്ന സമയത്ത് പോലും പ്രവേശനം നിരസിക്കാനോ പെര്‍മിറ്റ് റദ്ദാക്കാനോ കഴിയും. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂര്‍ണമായും ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാണ്.
ഒരാളുടെ വിസ നിരസിക്കപ്പെട്ടാല്‍ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. കാനഡയില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുമ്പോള്‍ പെര്‍മിറ്റ് റദ്ദാക്കപ്പെട്ടാല്‍ ഒരു നിശ്ചിത തീയതിക്കകം രാജ്യം വിടാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. പുതിയ നിബന്ധനകള്‍ അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളെയും തൊഴിലാളികളെയുമാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് ഇന്ത്യക്കാരെ. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളില്‍ 4.2 ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ ഇന്ത്യയില്‍നിന്ന് വലിയ രീതിയില്‍ സഞ്ചാരികളും കാനഡയിലേക്ക് വരുന്നുണ്ട്. 2024ലെ ആദ്യ ആറ് മാസങ്ങളില്‍ കാനഡ 3.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കാണ് യാത്രാ വിസ നല്‍കിയത്. കനേഡിയന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023-ലും വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 3.4 ലക്ഷം വിനോദസഞ്ചാരികള്‍ ഇന്ത്യക്കാരായിരുന്നു.