Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-ബ്രിട്ടീഷ് വ്യാപാര കരാര്‍ ചര്‍ച്ച ഊര്‍ജ്ജിതം, പത്തു വര്‍ഷത്തിനുള്ളില്‍ വ്യാപാരം മൂന്നിരട്ടിയാക്കാന്‍ ലക്ഷ്യം
reporter

ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ 8 മാസത്തെ ഇടവേളയ്ക്കു ശേഷം ഇരുരാജ്യങ്ങളും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം എഫ്ടിഎ ചര്‍ച്ചകളില്‍ കാലതാമസം വരുത്തിയിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് വ്യാപാരമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായി. കരാറിലൂടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രണ്ടോ മൂന്നോ മടങ്ങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ശരാശരി 2,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ളത്. വ്യാപാരം സുഗമമാക്കുന്നതിനായി കസ്റ്റംസ് തീരുവയിലടക്കം ഇളവു കൊണ്ടുവന്നേക്കും. യുഎസിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് ഇരുമന്ത്രിമാരും വ്യക്തമായ മറുപടി നല്‍കിയില്ല. ദീര്‍ഘകാലത്തേക്കുള്ള കരാറായതിനാല്‍ ധൃതിയുണ്ടാകില്ല, പക്ഷേ വേഗം പൂര്‍ത്തിയാക്കുമെന്നു മാത്രമാണ് പീയൂഷ് ഗോയല്‍ പറഞ്ഞത്. ഇന്ത്യയുമായുള്ള കരാര്‍ ബ്രിട്ടനെ സംബന്ധിച്ച് പ്രധാന മുന്‍ഗണനയാണെന്ന് ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

കുടിയേറ്റം വ്യാപാരക്കരാറിന്റെ പരിധിയില്‍ വരുന്നതേയല്ലെന്നും ഇരുമന്ത്രിമാരും വ്യക്തമാക്കി. ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാര്‍ 2022 ഒക്ടോബറില്‍ ഒപ്പുവയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ധാരണയായത്. എന്നാല്‍ വൈകുകയായിരുന്നു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം 2022 ഡിസംബറില്‍ ചര്‍ച്ച പുനരാരംഭിച്ചു. എങ്കിലും തടസ്സങ്ങള്‍ നേരിട്ടു. ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരം: ഒറ്റനോട്ടത്തില്‍ ഇന്ത്യയുമായുള്ള മൊത്തം വ്യാപാരം കണക്കിലെടുക്കുമ്പോള്‍ 16-ാം സ്ഥാനത്താണ് നിലവില്‍ ബ്രിട്ടന്‍. ഇറക്കുമതിയില്‍ 20-ാം സ്ഥാനവും കയറ്റുമതിയില്‍ ആറാം സ്ഥാനവുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ആറാമതാണ് ബ്രിട്ടന്‍. ഇയു ട്രേഡ് കമ്മിഷണര്‍ വെള്ളിയാഴ്ചയെത്തും യൂറോപ്യന്‍ യൂണിയനുമായുള്ള (ഇയു) വ്യാപാര കരാര്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഇയു ട്രേഡ് കമ്മിഷണര്‍ മാരോസ് സെഫ്‌കോവിക് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തും. മാര്‍ച്ച് 10 മുതല്‍ 14 വരെ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന 10-ാം റൗണ്ട് ഇന്ത്യ-ഇയു ചര്‍ച്ചകളുടെ മുന്നോടിയാണിത്. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനും ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബെല്‍ജിയം, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘവും ഇന്ത്യയിലെത്തും.

 
Other News in this category

 
 




 
Close Window