ലണ്ടന്‍/കല്‍പ്പറ്റ: യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കല്‍പ്പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍ അലക്സ് അഗസ്റ്റിന്‍ (25) എന്നിവരെ കര്‍ണാടകയിലെ ഹുന്‍സൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയില്‍നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികള്‍ ഹുന്‍സൂരിലെ ഇഞ്ചിത്തോട്ടത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി പി.എല്‍. ഷൈജു, പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്‍സണ്‍ സേവ്യറിനെ (51) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോണ്‍സന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ജോണ്‍സന്റെ ഭാര്യയും സമൂഹമാധ്യമ താരവുമായ അന്ന ഗ്രേസിന്റെ പരസ്യം കണ്ടാണ് യുവതി ഇവരെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിര്‍ദ്ദേശപ്രകാരം യുവതി സബീര്‍, അലക്‌സ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. 2023 ഓഗസ്റ്റ് മുതല്‍ 2024 മേയ് വരെയുള്ള കാലയളവില്‍ 44,71,675 രൂപ ജോണ്‍സണ്‍ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും വാങ്ങി എന്നാണ് പരാതി. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും ജോലി ലഭിക്കുമ്പോള്‍ കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കേസില്‍ അന്ന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ കേസുകളെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ടെന്നും അന്ന നേരത്തെ പറഞ്ഞിരുന്നു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത് അവിചാരിതമായാണ്. കേസില്‍ അദ്ദേഹത്തിന് ബന്ധമില്ല. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ അന്നയെ പിന്തുടരുന്നുണ്ട്.