ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് പദവി രാജിവച്ച് അമാന്‍ഡ പ്രിച്ചാര്‍ഡ്. കഴിഞ്ഞ കുറെ നാളുകളായി സര്‍ക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമാന്‍ഡ പ്രിച്ചാര്‍ഡിന്റെ പടിയിറക്കമെന്ന് കരുതപ്പെടുന്നു. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെയുള്ളവരുമായി അവര്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയെ തുടര്‍ന്നാണ് രാജി. മാര്‍ച്ച് അവസാനം വരെ താന്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് തുടരുകയുള്ളുവെന്ന് അമാന്‍ഡ പ്രിച്ചാര്‍ഡ് ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അറിയിച്ചിട്ടുണ്ട്.
രാജി സൗഹാര്‍ദ്ദപരമാണെന്നും അവരെ നിര്‍ബന്ധിതമായി പുറത്താക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അമാന്‍ഡ പ്രിച്ചാര്‍ഡിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങും അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ എന്‍എച്ച്എസിനെ നയിക്കാനുള്ള അമാന്‍ഡ പ്രിച്ചാര്‍ഡിന്റെ നേതൃത്വത്തെ കുറിച്ച് ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റികള്‍ അസാധാരണമായ വിമര്‍ശനം ഉന്നയിച്ച് ഒരു മാസത്തിനുള്ളിലാണ് അമാന്‍ഡ പ്രിച്ചാര്‍ഡിന്റെ പടിയിറക്കം. അമാന്‍ഡ പ്രിച്ചാര്‍ഡ്, ഡപ്യൂട്ടി ജൂലിയന്‍ കെല്ലി, രണ്ട് മുതിര്‍ന്ന സിവില്‍ സര്‍വീസുകാര്‍ എന്നിവരെ കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഉന്നയിച്ചതെന്നും ഇത് രാജിക്ക് വഴി വെച്ചുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.