ന്യൂഡല്‍ഹി: ഇന്ത്യയുമായി 17 പുതിയ കയറ്റുമതി-നിക്ഷേപ ഇടപാടുകളില്‍ തീരുമാനമായെന്ന് ബ്രിട്ടന്‍ അറിയിച്ചു. വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സും തമ്മില്‍ തിങ്കളാഴ്ച പുനരാരംഭിച്ച സ്വതന്ത്രവ്യാപാരക്കരാര്‍ (എഫ്.ടി.എ.) ചര്‍ച്ചയ്ക്കുപിന്നാലെയാണിത്. എട്ടുമാസത്തിനുശേഷമാണ് ചര്‍ച്ച പുനരാരംഭിച്ചത്. തീരുവയുടെയും തീരുവ ഇതര ചുങ്കങ്ങളുടെയും തടസ്സംനീക്കി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക, സാങ്കേതിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് സ്വതന്ത്ര വ്യാപാരക്കരാറിന്റെ ലക്ഷ്യം.
അതിനിടെ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്.ടി.എ. ചര്‍ച്ചയും സജീവമായി. അടുത്ത ഘട്ടം വെള്ളിയാഴ്ച നടക്കും. യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്‍ഡെ ലെയെന്‍ യൂറോപ്യന്‍ യൂണിയനെ പ്രതിനിധാനം ചെയ്യും. വ്യാപാരവും സാങ്കേതികവിദ്യയുമാണ് ചര്‍ച്ചയുടെ പ്രധാന അജന്‍ഡ. ഇറക്കുമതിച്ചുങ്കത്തിന്റെ കാര്യത്തില്‍ യു.എസുമായി അസ്വാരസ്യമുണ്ടായ സാഹചര്യത്തിലാണ് എഫ്.ടി.എ. ചര്‍ച്ച ഇന്ത്യ പുനരാരംഭിക്കുന്നതെന്നാണ് സൂചന.