ബ്രിസ്റ്റോള്‍: യുകെ ബ്രിസ്റ്റോളില്‍ 19 കാരിയുടെ ജീവനെടുത്ത് എക്സ്എല്‍ ബുള്ളി നായ. നായയുടെ ഉടമകളായ 20 വയസ്സുകാരായ രണ്ട്‌പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോണ്‍ ഡ്രൈവിലുള്ള ഫ്‌ലാറ്റില്‍ ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. എക്സ്എല്‍ ബുള്ളി നായകളെ വളര്‍ത്തുന്നതും വില്‍ക്കുന്നതിനും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ യുകെയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് വിലക്ക് ലംഘിച്ച് നായയെ പരിപാലിച്ചതിന് ഉടമകളായ ഒരു പുരുഷനെയും സ്ത്രീയേയും കസ്റ്റഡിയില്‍ എടുത്തത്. ബ്രിസ്റ്റോളില്‍ നടന്ന സംഭവം അവിശ്വസനീയമാംവിധം അപൂര്‍വമാണ് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിച്ച സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും എവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ടെറി മര്‍ഫി പറഞ്ഞു. യുവതിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ മുഴുവന്‍ സാഹചര്യങ്ങളും മനസ്സിലാക്കാന്‍ പൂര്‍ണ്ണമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും ടെറി മര്‍ഫി പറഞ്ഞു. ആക്രമണം നടന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പൊലീസ് പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തത്.